Friday, November 2, 2012

രാമായണകാറ്റിന്റെ താണ്ഡവ നൃത്തം.

എണ്‍പതുകളുടെ മധ്യത്തില്‍ കേരളത്തില്‍  ആഞ്ഞു വീശിയ കാറ്റായിരുന്നു രാമായണകാറ്റ്.  ഈ കാറ്റ് വീശി മാറും  മുന്‍പേ പിന്നാലെ തന്നെ മറ്റൊരു കാറ്റ് വീശിയിരുന്നു.  നീലാംബരി കാറ്റ്.  അന്നൊക്കെ എത്ര ആലോചിച്ചിട്ടും  ഈ രണ്ടു കാറ്റിനെ കുറിച്ചും ഒന്നും തന്നെ മനസ്സിലായിരുന്നില്ല.   എന്നാലും മലയാളിയുടെ താളത്തിനൊപ്പിച്ച് ഞാനും മൂളിയിരുന്നു.  രാമായണകാറ്റേ....  എന്‍ നീലാംബരി കാറ്റേ...പിന്നെ പിന്നെ കാറ്റുകളുടെ പ്രളയമായി. കത്രീന കാറ്റ്.  റീത്ത കാറ്റ്.  തൂഫാന്‍ കാറ്റ്.   അപ്പോഴും എനിക്കാകെ കൂടി അറിയാവുന്ന രണ്ടു കാറ്റുകളെ ഉണ്ടായിരുന്നുള്ളൂ.  കടല്‍ കാറ്റും കരക്കാറ്റും.  ഇന്ന് രാവിലെ കേട്ട് സാന്റി എന്നൊരു കാറ്റ് വീശി എന്നും  അതിന്റെ തലോടലില്‍ അമേരിക്കയാകെ തവിട് പൊടിആയെന്നും.   എന്നാല്‍ എനിക്കൊരു ഭാഗ്യം ഉണ്ടായി.  ഈ കാറ്റ് എന്താണെന്നും  എന്തല്ലെന്നും പറഞ്ഞു തരാന്‍ ഈജിപ്തില്‍ നിന്നും സൗദിയില്‍ നിന്നും കുറച്ചു പുരോഹിതരുടെ സഹായം എനിക്ക് കിട്ടി.  അപ്പഴല്ലേ പിടി കിട്ടിയത്  അമേരിക്കക്കാര് അറ്റം ചെത്തികളയാത്തത് കൊണ്ട് പടച്ചോന്‍ പണി കൊടുത്തതാണെന്ന്.  (കഴിഞ്ഞ ദിവസ്സം ആന്ധ്രയിലും കര്‍ണ്ണാടകത്തിലും  ഒരു നീല കാറ്റ് വീശിയിരുന്നു.  അതിനെ ഓര്  വെറുതെ വിട്ടിട്ടുണ്ടേ)

ഇവര്‍ പുരോഹിതര്‍ക്ക് എന്തിനെയും വര്‍ഗീയവല്‍ക്കരികാന്‍ കഴിയും.  വിവാദമായാല്‍ അതിനെ ന്യായീകരിക്കാന്‍ കുറെ ബുദ്ധിജീവികൂട്ടങ്ങള്‍ ഉണ്ട് നാട്ടില്‍..  ബാക്കി അവര്‍ നോക്കികൊള്ളും.പ്രകൃതി ക്ഷോഭങ്ങളെയും  ആനുകാലീക സംഭവങ്ങളെയും ഇത്തരത്തില്‍  വിശകലനം ചെയ്യാന്‍ ഇവര്‍ക്കുള്ള മിടുക്ക് അപാരം തന്നെ ആണ്.   എന്റെ കുട്ടിക്കാലത്ത്‌  കലൂര്‍ അന്തോണീസ്‌ പുണ്യവാളന്റെ നോവേനയ്ക്കിടയില്‍ ഒരു പുരോഹിതന്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തെ കുറിച്ച്  പ്രസ്സങ്ങിച്ചത് ഞാന്‍ ഓര്‍ക്കുകയാണ്.   അതൊരു ദൈവ ശിക്ഷയാണ്.  കാരണം  ഇന്ത്യയില്‍ ഭ്രൂണഹത്യ അനുവദിച്ചത്  ഇന്ദിരാഗാന്ധി ആയിരുന്നു.  ദൈവത്തിനു അത് ഇഷ്ട്ടപ്പെട്ടില്ല.  അതുകൊണ്ട്  ഭ്രൂണഹത്യ കണ്ടുപിടിച്ച  ഇന്ദിരാഗാന്ധിയെ ദൈവം രണ്ടു പേരെ കൊട്ടേഷന്‍ കൊടുത്തു അയച്ചു.  ഇതായിരുന്നു അതിന്റെ രത്ന ചുരുക്കം.  എനിക്കൊരു സംശയം അന്നെ ഉണ്ടായിരുന്നു.  മഹാത്മാഗാന്ധിയെ ദൈവം വകവരുത്താന്‍ ഉണ്ടായ കാരണം എന്തായിരിക്കും?  അതിനെല്ലാം ശേഷം അതിനേക്കാള്‍ ദയനീയമായി രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോഴും എനിക്ക് തോന്നിയത് ദൈവകോപം ശമിചിട്ടുണ്ടാവില്ല എന്നായിരുന്നു. 

ഇതേരീതിയില്‍ പിന്നീട്  കേട്ടത് അയോധ്യയില്‍ ആയിരുന്നു.  ചാരം മൂടി കിടന്ന രാമജന്മ ഭൂമി എന്ന ഭൂതത്തെ കുടം തുറന്നു വിട്ടത് രാജീവ്ഗാന്ധി ആയിരുന്നു എങ്കിലും അതിന്റെ മുള്‍കിരീടം ചൂടെണ്ടി വന്നത് നരസിംഹറാവു ആയിരുന്നു.  പതിനൊന്നാം മണിക്കൂര്‍ വരെ പള്ളി സംരക്ഷിക്കും എന്ന് പറഞ്ഞിരുന്ന റാവു അവസാന നിമിഷം അനങ്ങാതിരുന്നു. തല്‍ഫലമായി പള്ളി പൊളിഞ്ഞു.  ഹിന്ദുസ്ഥാനിലെയും, പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും മതവികാരം അതോടെ വ്രണപെട്ടു.  സമാധാനത്തിന്റെ  കാരുണ്യത്തിന്റെ എന്നൊക്കെ അവകാശപ്പെട്ടവര്‍ക്ക് അന്ന് ചിന്തിക്കാന്‍ ആയില്ല, അല്ല ചങ്ങായീ, ഇങ്ങക്കീട തന്നെ അമ്പലം വേണൊങ്കി ആയിക്കൊളീ  ഞമ്മള് കൊരച്ചപ്പുറത്ത് മാറി ഇരുന്നോളാം എന്ന്.  ഇന്നും ആവുന്നില്ല.  ഇതിനു ശേഷം എല്ലാ കുറ്റവും റാവുവിന്റെ തലയില്‍ ആയി. അധികാരത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തില്‍ പോലും ആരും അല്ലാതായ റാവുവിനെ നോക്കിയും അവര്‍ പറഞ്ഞു.  പടച്ചോന്റെ പള്ളി പൊളിച്ചാല്‍ പടച്ചോന്‍ വെറുതെ വിടുമോ എന്ന്.  പരിശുദ്ധാത്മാവിനെതിരായ ഒരു തെറ്റും  ക്ഷമിക്കപ്പെടില്ലായിരിക്കാം സമ്മതിക്കുന്നു.  അന്ന് പഴയോരാ കെട്ടിടം പൊളിഞ്ഞില്ലായിരുന്നെന്കില്‍ യഥാര്‍ത്ഥത്തില്‍ വിഭജനകാലത്തെക്കാള്‍ വലിയ ചോരപ്പുഴ ഒഴുകിയേനെ എന്ന് പിന്നീട് ഒരിക്കല്‍ ഒരു മുസ്ലിം സുഹൃത്ത് പറയുകയുണ്ടായി.   ചോരപ്പുഴയുടെ പുതിയ ചരിത്രം എഴുതാന്‍ മഷി നിറച്ചു വെച്ചവര്‍  നിരാശരായി.   ആ നിരാശയവര്‍  മറച്ചുവെയ്ക്കുന്നില്ല.  ഡിസംബര്‍ ആറ്‌ എന്നപേരില്‍ ആവുന്നത്ര കുറേക്കാലം പരിശ്രമിച്ചുകൊണ്ടേയിരുന്നു.

അങ്ങിനെയിരിക്കെയാണ് അഫ്ഘാനിസ്ഥാനില്‍  അന്നുണ്ടായിരുന്ന പത്തടിയിലേറെ ഉയരമുള്ള അനവധിയായ ബുദ്ധവിഗ്രഹങ്ങള്‍ വിഗ്രഹാരാധായുടെ പേരില്‍  മൈനുകള്‍ വെച്ച് തകര്‍ക്കാന്‍ താലിബാന്‍ തീരുമാനിക്കുന്നത്.  ഇതിനെതിരെ ലോക പൈത്രിക സംഘടനകളും ഐക്യരാഷ്ട്ര സഭയും ഒക്കെ രംഗത്ത് വന്നെങ്കിലും താലിബാന്‍ പിന്നോട്ട് പോയില്ല.  അവിടെ ഉണ്ടായിരുന്ന എല്ലാ വിഗ്രഹങ്ങളും റിമോട്ട് കണ്ട്രോളിലൂടെ തകര്‍ത്തു.  ഒരുമാസ്സത്തിനുള്ളില്‍  മറ്റൊരു വിഗ്രഹം കൂടി തകര്‍ക്കപ്പെട്ടു.  അതിന്റെ പേരാണ് വേള്‍ഡ്‌ ട്രേഡ്‌ സെന്റെര്‍..   പിന്നെ താലിബാന്റെ കഥയെന്തായെന്നു ഞാന്‍ പറയുന്നത് വായനക്കാരനോട് ഞാന്‍ ചെയ്യുന്ന ക്രൂരതയാവും എന്നതിനാല്‍ മിണ്ടുന്നില്ല.  എങ്കിലും പറയാതിരിക്കാന്‍ ആവുന്നില്ല,  ബുദ്ധകോപം നിമിത്തമാണ് താലിബാന്  ഈ ഗതി വന്നതെന്ന് ലോകത്തൊരു ബുദ്ധ സന്യസ്സിയോ, വിശ്വാസ്സിയോ നാളിതുവരെ പറഞ്ഞു കേട്ടിട്ടില്ല.  ഒരിക്കലും കേള്‍ക്കുകയുമില്ല.  അതോടൊപ്പം ഇന്‍ഡോനെഷ്യയില്‍ ഉണ്ടാവുന്ന ഭൂകമ്പത്തിനും,  ബംഗ്ലാദേശിലെ  പ്രളയത്തിനും ദൈവീകമായ വിശകലനവും കേള്‍ക്കാന്‍ ഇടയില്ല. 

കാറ്റേ നീ വീശരുതിനിയും  
കാരേ നീ പെയ്യരുതിനിയും 
അമേരിക്കയിലിനിയും 
ജീവന്റെ തുടിപ്പുകളുണ്ട്...

തമ്പുരാന്‍ (എന്ത് സുഖമാണീ കാറ്റ്...)

Sunday, February 26, 2012

ഇന്ന് ഞാന്‍ നാളെ നീ



ഉച്ച വെയിലേറ്റു തളര്‍ന്ന ഞാന്‍ ഒരു ശീതള പാനീയം കുടിക്കാം എന്നചിന്തയിലാണ് സ്നാക് ബാറില്‍ കയറിയത്.  നട്ടുച്ചയ്ക്കും അരണ്ട വെളിച്ചമുള്ള ബാറില്‍ ഒഴിഞ്ഞ ഒരു മൂലയില്‍ ഞാന്‍ ഇരുന്നു. നിലാവ് പോലെ ബീതോവന്‍ സംഗീതം ഒഴുകിയിരങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ഓര്‍ത്തു, ഇതിനകം എല്ലാവരും ആനന്ദിക്കുകയാണ്.  പുറത്തെരി വെയിലില്‍ നിന്നാല്‍ ജനം പല വിധ വ്യാകുലതകളോടെ പരക്കം പായുന്നത് കാണാം.  പലരും പല തരം സന്തോഷ പ്രകടനത്തോടെ മധുര ശീതളം നുണയുന്നത് കണ്ടിട്ട് പുറം കാഴ്ചയും അകക്കാഴ്ചയും  തമ്മിലുള്ള അന്തരം അളക്കാനാവാതെ ഞാന്‍  ഇരുന്നു. 

 "സര്‍"  ബെയരരുടെ വിനീത വിളി എന്നെ ചിന്തയില്‍ ‍ നിന്നുണര്‍ത്തി.  എനിക്ക് നേരെ നീട്ടിയ മെനു തുറന്നു പോലും നോക്കാതെ ഞാന്‍ ഒരു ഷാര്‍ജ ഷേക്കിനു പറഞ്ഞു.  വീണ്ടും ചിന്തയിലേക്കൂളിയിടവേ എനിക്കഭിമുഖമായി വരുന്ന അടുത്ത മേശയില്‍ നിന്നും പകപ്പോടെ എന്നെ നോക്കുന്ന സ്ത്രീയില്‍ എന്‍റെ ഹൃദയം ഉടക്കി നിന്നു. 

 "ഹായ് വെറുക്കപ്പെട്ടവന്‍"  വെപ്രാളപ്പെട്ട്  വിഷ് ചെയ്തു അവളെന്റെ അടുത്തേക്ക് വന്നു. 

ഹായ് സൂസന്‍, ഇതാശ്ചാര്യമായിരിക്കുന്നല്ലോ,  നീയെന്താ  ഇവിടെ?  അവള്‍ എനിക്ക് തന്ന അഭിവാദ്യം വൃത്തിയായി ഞാന്‍ മടക്കി കൊടുത്തു. 
ഞാന്‍ റേഷനരി വാങ്ങാന്‍ വന്നതാ.  അവളെന്റെ മണ്ടന്‍ ചോദ്യത്തിന്റെ മുനയൊടിച്ചു.
 ആ, വെറുക്കപെട്ടവന്‍,  മീറ്റ്‌ മിസ്റ്റര്‍ വിനു, മൈ കസിന്‍ ബ്രതെര്‍.
കസിന്‍ നീട്ടിയ സൌഹൃദ ഹസ്തത്തില്‍ പിടി മുറുക്കവേ അവള്‍ പറയുന്നത് കേട്ടു.  വിനു,  ഞാന്‍ പറയാറില്ലേ, എന്‍റെ കൂടെ പഠിച്ച വെറുക്കപ്പെട്ടവനെ കുറിച്ച്  

യാ, യാ...  കസിന്‍ തല കുലുക്കി.

ഹി ഈസ്‌ വെരി ഫണ്ണി.  അവള്‍ പിന്നെയും എന്തൊക്കെയോ എന്‍റെ പര്യായങ്ങള്‍ പറയുന്നത് കേട്ടു.   എന്‍റെ ഷാര്‍ജ ഷേക്കും അകത്താക്കി സൂസനോടും കസിനോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാനോര്‍ത്തു.  പണ്ടിവള്‍  മലബാറിന്റെ ലോണില്‍ എന്നോടൊപ്പം ഐസ് ക്രീം നുണയുമ്പോള്‍ അതുവഴി വന്ന മറ്റൊരുവനോടും കസിന്‍ ബ്രതെര്‍ എന്ന പേരില്‍ എന്നെ പരിചയപ്പെടുത്തിയത്.   ഇന്ന് ഞാന്‍ നാളെ നീ എന്നരോ പറഞ്ഞത് എത്ര സത്യം.  പ്രേമം അനശ്വരമാണ്.  കല്ലും മണ്ണും ബാക്കി വരുവോളം തലമുറകള്‍ ഇനിയും  അകം പൊള്ളയായ  താജ്മഹലുകള്‍ പണിയും.   കഥയ്ക്ക്‌ മാത്രം മാറ്റമില്ല. കാലവും കാഥികനും മാത്രം മാറും.   അങ്ങിനെ ഓരോന്നോര്‍ത്തു  ഞാന്‍ നടന്നകലുമ്പോള്‍ മൊബൈലില്‍ സൂസന്റെ കാള്‍.

 സോറിടാ...  വിനു ഉള്ളത് കൊണ്ട് എനിക്കൊന്നും പറയാന്‍ ഒത്തില്ല.   നീയിന്നു മറൈന്‍ ഡ്രൈവില്‍ വരില്ലേ? നമ്മല്‍ എന്നും ഇരിക്കാറുള്ള വാകമരത്തിനടിയില്‍.  ഞാന്‍ കാതിരിക്കുട്ടോ  അവള്‍ കൊഞ്ജി കുഴഞ്ഞപ്പോള്‍ കോട്ടയത്തുകാരി കുഞ്ഞന്നാമ്മയുടെ മോള്‍ക്ക്‌ പാലക്കാട്ടെ പട്ടത്തിക്കുട്ടിയുടെ സംസാര ചുവ. 
ഞാനിന്നു വരില്ലെടി.  എനിക്കല്‍പ്പം തിരക്കുണ്ട് നാളെ കഴിഞ്ഞു കാണാം എന്ന് പറഞ്ഞൊഴിഞ്ഞു.
"പോ. ഞാന്‍ മിണ്ടില്ലിനി നിന്നോട്.  ഞാന്‍ എപ്പോ വിളിച്ചാലും നിനക്ക് തിരക്കാ. അവള്‍ പരിഭവിച്ചു ഫോണ്‍ വെച്ചു.

Saturday, January 7, 2012

പെന്തകൊസ്തുകാര്‍ക്കെഴുതിയ ലേഖനം



വര്‍ഷങ്ങള്‍ക്കു മുമ്പ്...    എന്ന് പറഞ്ഞാല്‍ രണ്ടായിരാമാണ്ട്‌ പിറക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പ്  എറണാകുളത് മനോരമയ്ക്ക് മുന്നിലുള്ള പെന്തകോസ്ത് ആരാധനാലയത്തിന്റെ  ചുറ്റുമതിലില്‍ മഞ്ഞ പെയിന്റ് അടിച്ചു നീല നിറത്തില്‍ ഇങ്ങിനെ എഴുതിയിരുന്നു,  കാലം തികഞ്ഞിരിക്കുന്നു ഇനി 12 വര്‍ഷങ്ങള്‍  മാത്രം.  മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസ്സിക്കുവിന്‍.  ഇത്തരത്തില്‍ എറണാകുളം നഗരം മുഴുവന്‍ യേശു വരുന്നു അവസാന വിധിക്ക്  എന്നുദ്ഘോഷിക്കുന്ന ചുവരെഴുത്തുകള്‍ ടെലിഫോണ്‍ പോസ്റ്റില്‍ പോലും ഉണ്ടായിരുന്നു.   വര്‍ഷങ്ങള്‍ക്കു ശേഷം   എന്റെ സഹ പ്രവര്‍ത്തകന്‍ ഒരു റംസാന്‍ കാലത്ത് എനിക്കൊരു പുസ്തകം വായിക്കാനായി തന്നു.  ആഫ്രിക്കന്‍ മുസ്ലിം പണ്ഡിതനായ അഹമ്മദ്‌ ദീദാദ് എഴുതിയ  "ബൈബിളിലെ അന്ത്യ പ്രവാചകന്‍" എന്ന പുസ്തകം.  ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ ഒരു അപകടത്തില്‍ പെട്ട് മരണത്തിന്റെ  വക്കിലേക്കു ഇടിഞ്ഞു വീഴുകയും അവിടെ നിന്നും ജീവിതത്തിന്റെ വന്കരയിലേക്ക് തിരിച്ചു കയറി വന്ന ഈ മനുഷ്യനോടു അദ്ധേഹത്തിന്റെ ഡോക്ടര്‍ പറഞ്ഞുവത്രേ, ദൈവം നിങ്ങളിലൂടെ എന്തോ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്,  അത് കൊണ്ടാണ് നിങ്ങള്‍ രക്ഷപെട്ടത് എന്ന്.  അങ്ങിനെ ഈ പുസ്തകത്തില്‍   അദ്ദേഹം   ആവര്‍ത്തന പുസ്തകം 18:18 മുഹമ്മദ്‌ നബിയെകുരിച്ചാണ് പറയുന്നതെന്ന് സമര്‍ത്ഥമായി വ്യാഖ്യാനിക്കുകയാണ്.  ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍  ഞാനാകെ പരവശനായി.
എന്റെ സുഹൃത്ത്‌ ദിഗ്വിജയിയും.  കാരണം മുസ്ലിങ്ങള്‍ മാത്രം ജോലി ചെയ്തിരുന്ന  ആ സ്ഥാപനത്തില്‍ ആകെ ഉണ്ടായിരുന്ന രണ്ടു വിജാതീയരില്‍ ഒരാള്‍ നേരത്തെ മതം മാറിയിരുന്നു.  ഇനി അവശേഷിക്കുന്നത് ഞാന്‍ ആണ്.  ഞാന്‍ ചിന്തിച്ചു ഈ പറയുന്നത് സത്യമെങ്കില്‍ ഞാന്‍ എന്തിനാണ് ബൈബിളും ചുമന്നു നടക്കുന്നത്.  ഞാന്‍ കണ്ണടച്ച് ധ്യാനിച്ച്‌ അവനോടു ചോദിച്ചു.  നാഥാ നീ തന്നെ എനിക്ക് മറുപടി തന്നാലും, എനിക്ക് മറ്റുള്ളവര്‍ പറയുന്നത് കേട്ട് നിന്നെ ഉപേക്ഷിക്കുവാന്‍ മനസ്സില്ല.  നിന്റെ കുരിശിന്റെ മറുപുറത്ത് ഒരാള്‍ക്ക്‌ കൂടി കിടക്കാനുള്ള സ്ഥലമുണ്ടല്ലോ, ഞാന്‍ അവിടെ കിടന്നോളാം.  നീ എന്റെ പുറകില്‍ ഉണ്ടെങ്കില്‍ ഞാന്‍ ഭയപ്പെടെണ്ടാതില്ലല്ലോ.  എങ്കിലും എനിക്ക് സത്യം അറിയണം.  നിന്റെ ഹിതവും.  ദേവാ എന്നോട് ഉത്തരം പറഞ്ഞാലും.  ധ്യാനത്തില്‍ നിന്നും ഉണര്‍ന്ന  ഞാന്‍ ബൈബിള്‍ എടുത്തു.  എവിടം മുതല്‍ എവിടം വരെ വായിക്കണം?  ഉല്പത്തി മുതല്‍ വെളിപാട് വരെയോ?  അപ്പോഴേക്കും എനിക്ക് വെളിവില്ലാതെ ആകും.  എന്റെ മനോവ്യാപാരം കേട്ട് അവന്‍ ചിരിച്ചു കാണണം.  ഞാന്‍ തീരുമാനിച്ചു, തുറന്നു നോക്കുമ്പോള്‍ കിട്ടുന്നത് എവിടെയോ അവിടെ നിന്നും  തുടങ്ങാം.  അങ്ങിനെ കിട്ടിയത് യെശയ്യ പ്രവാചകന്റെ പുസ്തകത്തിന്റെ തുടക്കവും.  ആകാശമേ കേള്‍ക്ക ഭൂമിയെ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി  അവര്‍ എന്നോട് മല്സ്സരിക്കുന്നു.  കാളയും കഴുതയും അതിന്റെ പുല്തൊട്ടി അറിയുന്നു.   അങ്ങിനെ  വായിച്ചു മുന്നേറവേ മുമ്പ് പ്രവചിച്ചിരുന്നവയെല്ലാം സംഭവിച്ചു കഴിഞ്ഞു.  ഇനിനീ അതന്വേഷിച്ചു നടക്കേണ്ട എന്ന വാക്യത്തില്‍ എന്റെ 
കണ്ണ് തറഞ്ഞു നിന്നു.  ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു അത്.  എന്റെ സുഹൃത്ത്‌എന്റെ മുന്നില്‍ ഉയര്‍ത്തിയ വെല്ലുവിളിക്ക് ഉത്തരം കിട്ടിയ
 ആനന്ദത്തില്‍ ഞാന്‍മുന്നേറവേ അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:22 ഇല്‍ 
ആവര്‍ത്തന പുസ്തകം 18:18 വീണ്ടും എടുത്തു പ്രയോഗിച്ചു, ആ പ്രവാചകന്‍ യേശുവാന് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍  യേശയ്യയ്ക്ക് തെറ്റിയോ, യോഹന്നാനു തെറ്റിയോ അതോ എന്റെ ഗ്രാഹ്യ ശക്തിക്ക് പിഴച്ചുവോ  എന്നറിയാതെ ഞാന്‍ ഇന്നും കുഴങ്ങി നില്‍ക്കുന്നു. യേശയ്യായ്ക്ക് തെറ്റിയില്ല
എന്ന് പറഞ്ഞാല്‍  അതിനും മുന്‍പേ യേശുവിനെ കുറിച്ച് പറഞ്ഞതൊക്കെയും 
നിവൃത്തിയായി എന്ന് സമ്മതിക്കേണ്ടി വരും.  ഫലത്തില്‍ യേശു 
ദൈവ പുത്രന്‍ അല്ല എന്നാ യഹൂദ പ്രമാണിമാരുടെ വാദം ശെരി
വെയ്ക്കേണ്ടി വരും. ഇതിന്റെ അര്‍ഥം യേശുവിന്റെ കാലം വരെയുള്ള സംവല്സ്സരങ്ങള്‍  മോശയുടെ ഈ പ്രവചനത്തെ കുറിച്ച് യിസ്രായേല്‍ ജനം
ഉറ്റു നോക്കിയിരുന്നു എന്നല്ലേ?
       ഇതിനിടയില്‍ രണ്ടായിരാമാണ്ട്‌ സമാഗതമായി.   കത്തോലിക്ക സഭ  അഞ്ചു വന്കരകളെ സൂചിപ്പിച്ചു കൊണ്ട് അഞ്ചു പ്രാവുകളെ ഒരു വൃത്തത്തിനുള്ളില്‍ സമ്മോഹനമായി സംയോജിപ്പിച്ച എമ്ബ്ലാതോടെ ജൂബിലിആഘോഷിച്ചു. പെന്തക്കൊസ്തുകള്‍എഴുതി പണ്ട് എഴുതി  പിടിപ്പിച്ച പോലെ കാലം പൂര്‍ത്തിയായില്ല.  യേശു പോയിട്ട് ഒരു പശു പോലും വന്നില്ല.  ഇത്തരത്തില്‍ വികലമായ വ്യാഖ്യാനങ്ങളും ഇസ്ലാമിനെ പോലെ 
 ഭയപ്പെടുത്തുന്ന വാക്യങ്ങളും   എഴുതിപിടിപ്പിച്ചു അവര്‍ ഇന്നും നമ്മെ
സമീപിച്ചു കൊണ്ടിരിക്കുന്നു.

ലോകം പിന്നെയും  11 വര്ഷം പൂര്‍ത്തിയാക്കി.  എന്നാല്‍ യേശുവിന്റെ രണ്ടാംവരവിനെകുറിച്ച് ഇളംകുളം ഫാത്തിമ പള്ളി വികാരി ആയിരുന്ന
ജോണ്‍ ആലപ്പാട്ടച്ചന്‍  ഒരു സ്വകാര്യ സംഭാഷണത്തില്‍
എന്നോട് പറഞ്ഞത്  മനുഷ്യന്റെ ആയുസ്സ് എപ്പോ തീരുമോ അന്ന് അവന്റെ മുന്നില്‍ യേശു വീണ്ടും വരും.  എനിക്ക് കുറേകൂടി സ്വീകാര്യമായതും
ഈ സങ്കല്‍പ്പമാണ്.   കാരണം യേശുവിന്റെ ഉദ്ധാനത്തിനും  രണ്ടാം വരവിനും ഇടയ്ക്കുള്ള നൂറ്റാണ്ടുകളുടെ കാല ദൈര്ഖ്യത്തിനിടയില്‍  കൊഴിഞ്ഞു വീഴുന്ന മനുഷ്യ ജന്മങ്ങക്ക് അവന്റെ  വാഗ്ദാനം പാഴ്വാക്കാവരുതല്ലോ.

       കാലം എന്നെയും കൊണ്ട് പിന്നെയും മുന്നോട്ടു പോയി.  റോമായില്‍ എത്തി നില്‍ക്കുന്നു.  ചന്ദ്രിക ദിനപത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്  വന്ന  ഒരു ആര്‍ട്ടിക്കിള്‍ ഉണ്ട്. "കുരിശുകള്‍ക്കിടയില്‍ ഒരു ചന്ദ്രിക" എന്ന ശീര്‍ഷകത്തില്‍ വന്ന ഈ ലേഖനം റോമായിലെ മുസ്ലിം സാന്നിധ്യത്തെ കുറിച്ച് വീമ്പു പറയുകയും,   ഇവിടെ സൌദിയുടെ പണകൊഴുപ്പില്‍  പണിതുയര്‍ത്തിയ ഇസ്ലാമിക് സെന്റെറിനെ കുറിച്ച് വിവരിക്കുകയും ചെയ്യുന്നു.  ആ ആര്‍ട്ടിക്കിള്‍  ഏറെകുറെ കൈകാര്യം ചെയ്യുന്നത്  കത്തോലിക്കാ സഭയുടെ
കോട്ട കൊത്തളങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തികഴിഞ്ഞു എന്നും  അധികം താമസിയാതെ മൂടോടെ പിഴുതെറിയും എന്ന് സൂചിപ്പിക്കാന്‍ കൂടി  ആണ്. 
ആ ആര്‍ട്ടിക്കിള്‍ അവസ്സാനിപ്പിക്കുന്നത് ഇങ്ങിനെയാണ്‌.  ഇറ്റലിയിലെ എല്ലാ
വഴികളും റോമിലെക്കാണ്.  റോമിലെ എല്ലാ വഴികളും ഇസ്ലാമിക് സെന്റെരിലെക്കും.  12 വര്ഷം മുന്‍പ് പ്രസിദ്ധീകരിച്ച ഈ ലേഖനം എന്റെ ഉള്ളില്‍ കല്ലില്‍ കൊത്തിവെച്ച പോലെ കിടക്കുന്നത് എന്തിനാണാവോ?  ഞാനും കുറച്ചു അന്വേഷിച്ചു.  സത്യമാണോ എന്ന്.   ഇവിടെ ഞാന്‍ കണ്ടത്.
ഇറച്ചികടയില്‍ പോലും അറബി അക്ഷരങ്ങള്‍ എഴുതി വെച്ചിരിക്കുന്നതാണ്.
ഇവിടുത്തെ പച്ചക്കറി  വ്യാപാരത്തിന്റെ ഒരു ഭാഗം ഈജിപ്തുകാര്‍ കയ്യടക്കി കഴിഞ്ഞു.  ഗള്‍ഫില്‍ കൊടിച്ചി പട്ടിയുടെ പോലും വിലയില്ലാത്ത
ബംഗ്ലാദേശികള്‍  വഴി വാണിഭവും പെട്രോള്‍ പമ്പുകളും കുത്തക ആക്കി കഴിഞ്ഞു.  വിക്ടോറിയ മാര്‍കടിലൂടെ  സൌദിയുടെ ദേശീയ പതാകയും പറപ്പിച്ചു ഭയ രഹിതമായി ഒരു മനുഷ്യന്‍ പോകുന്നത് കണ്ടു ഒരിക്കല്‍.
സൗദിയിലൂടെ ഇങ്ങിനെ പോകാന്‍ പറ്റുമോ?
ഇവിടുത്തെ മുസ്ലിം സാന്നിധ്യവും അതെങ്ങിനെ ഉണ്ടായി  എന്നൊന്നുമല്ല  ഞാന്‍ ഇവിടെ പറയാന്‍ ഉദേശിക്കുന്നത്.  കത്തോലിക്കാ  സഭയുടെ കോട്ട കൊത്തളങ്ങള്‍ക്ക്  പല രീതിയില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്.  അക്കൂട്ടത്തില്‍ പ്രോട്ടെസ്ടന്റ്റ്  സഭകളുടെ ആക്രമണവും പെടും.  എനിക്ക് പഴയ കാല ചരിത്രം പറഞ്ഞു നേരം കളയാന്‍ താല്പര്യം ഇല്ല. അതിനു തക്ക വിവരവും ഇല്ല.   എന്നാല്‍  ഇന്ന്
ക്രൈസ്തവ സഭയുടെ വളര്‍ച്ച കീഴോട്ടാണ്.   അതിന്റെ പാര്‍ശ്വ ഫലങ്ങള്‍ പല
ഭീകരരൂപത്തിലുംനമ്മള്‍ലോകത്ത്കാണുന്നുണ്ട്.  പെന്തകോസ്ത് സഭയുടെ
 സുവിശേഷ വേലകളെ ഞാന്‍ മാനിക്കുന്നു.  എന്നാല്‍ അതിന്റെ പേരില്‍ എന്നെപോലുള്ളവനെ വെല്ലുവിളിക്കുന്നതും  കത്തോലിക്കരുടെ 
പിന്നാലെ വചനം വിളമ്പി നടക്കുന്നതും  നിങ്ങളുടെ ലോക പരിചയം
ഇല്ലായ്മയാണ് സൂചിപ്പിക്കുന്നത്.   ലോകത്തെ ഏറ്റവും വലിയ സമ്പത്
രാഷ്ട്രമായ കുവൈറ്റില്‍  ഏഴു മാസ്സതോളം ഉണ്ണാന്‍ ഇല്ലാതെ നടന്നിട്ടുണ്ട് ഞാന്‍.
എന്നെ സഹായിക്കാന്‍ ഒരു കത്തോലിക്കനും വന്നില്ല.    എന്നാല്‍ പെന്തകൊസ്തുകള്‍ വന്നു.    അവര്‍ എനിക്കൊരു ജോലി അറബ് പത്രത്തില്‍
തരപ്പെടുത്തി തന്നു.   എന്നാല്‍ ആ ജോലി  ഞാന്‍ സ്വീകരിച്ചില്ല.  കാരണം
അവര്‍  ആവശ്യപെട്ടിരുന്നില്ല  എങ്കിലും ഞാന്‍ നന്ദി ഉള്ളവന്‍ ആണെങ്കില്‍
ആ സഭയോട് ചേരേണ്ടതുണ്ട്.  ആ  ജോലിയോട് എനിക്ക് താല്പര്യം ഉണ്ടായിരുന്നു.   പക്ഷെ  എന്റെ വിശ്വാസ പ്രമാണത്തെ വിറ്റു തിന്നേണ്ട
ജോലിയോട്  എനിക്ക് ആര്‍ത്തി ഉണ്ടായിരുന്നില്ല.

പരസ്പരം  വചനം എറിഞ്ഞു കളിക്കാതെ  
വിജാതീയര്‍ക്കു  ഇടയിലേക്ക് നിങ്ങള്‍
 പ്രവര്‍ത്തനമേഖലവ്യാപിപ്പിക്കുകയാണ്  വേണ്ടത്.  
യേശു നമ്മോടു അനുവര്തിക്കാന്‍ ആവശ്യപ്പെട്ടതും
 അത് തന്നെ അല്ലെ.അതിനു ആത്മ ബലം ഇല്ലാത്ത വ്യാജ സുവിശേഷ വേലക്കാര്‍ മാത്രമേ  കത്തോലിക്കനെ പിടിക്കാന്‍ വരൂ.  പോയവര്‍ ധാരാളം ഉണ്ട്.എനിക്ക്നേരിട്ടറിയാം.   മടുത്തവരും ‍ഉണ്ട്.  സ്വകാര്യ സ്വാര്‍ത്ഥ 
ലക്ഷ്യങ്ങളോടെചെന്നിട്ടു  പൂര്‍വ്വ സഭയെ കൊഞ്ഞനം കുത്തി കാണിക്കുന്ന
പുത്തന്‍ ദൈവ  ശാസ്ത്രഞ്ജന്‍മാരെയും ഞങ്ങള്‍ കാണുന്നുണ്ട്.  അങ്ങോട്ട്‌ യാതൊരു വാദ പ്രതിവാദത്തിനോ  ബലപ്രയോഗതിനോ  കത്തോലിക്കര്‍ വരുന്നതായി ഞാന്‍  എവിടെയും കാണുന്നില്ല.    ഈ സഭയുടെയും സഭാമക്കളുടെയും  മാന്യമായ ക്ഷമയുടെ  മുഖത്ത്  ആസ്സനമിട്ടു ഉരയ്ക്കുന്നത് എത്രകണ്ട് യോജിച്ചതാനെന്നു വിലയിരുത്തേണ്ടസമയംഅതിക്രമിച്ചിരിക്കുന്നു  എന്നോര്‍മപെടുത്തട്ടെ.കാരണം നിങ്ങള്‍ ക്രൂശിതനായ ക്രിസ്തുവിനെ പ്രസ്സങ്ങിക്കുന്നു.   ഞാനോ ക്രൂശിക്കപെട്ടുകൊണ്ടിരിക്കുന്ന  ക്രിസ്തുവിന്റെ സഭയെ കുറിച്ച് പ്രസ്സങ്ങിക്കുന്നു.  

യേശു  ജീവനും സത്യവും വഴിയും  ആകുന്നു.  ആ വഴികളും  അതിലെ കൈ വഴികളും എല്ലാം  ചെന്നവസ്സാനിക്കുന്നത് 
പത്രോസ് എന്ന പാറയ്ക്ക് മുകളില്‍ റോമായില്‍  പണിത പള്ളിയില്‍  ആണ്. 





Sunday, October 2, 2011

വെറുക്കപെട്ടവല്‍


വെറുത്തു കൊള്ളുക നീയിന്നെന്നെ പ്രണയിക്കുവോളം
പ്രണയിക്കുമല്ലോ ഒടുവില്‍ നീ പിരിയുവോളം
പ്രണയവും പ്രളയവും പ്രവചനങ്ങള്‍ക്കസാധ്യം
പ്രഭാതവും പ്രധോഷവുമതില്‍ പ്രതീകങ്ങള്‍ മാത്രം

പ്രണയതിനുണ്ടോ പ്രായവും പ്രദേശവും
പ്രതിസന്ധികള്‍ മാത്രമല്ലോ പരിധിയും പരിമിതിയും.
അഹന്തതന്‍ അന്ത്യം എങ്ങിനെന്നാരരിവൂ
ആയുസ്സിന്നവസാനം എപ്പഴെന്നും ആരറിവൂ

പ്രണയിച്ചിടും ഒടുവില്‍ നീ പ്രപഞ്ചത്തില്‍ അലിയുവോളം
കുറ്റ ബോധങ്ങളാം നഷ്ട സ്വര്ഗങ്ങളെ....

വെറുത്തു കൊള്ളുക നീയിന്നെന്നെ....

Monday, July 25, 2011

രതിനിര്‍വേദ ത്തിലെ  വൈകൃതങ്ങള്‍


എന്റെ നാട്ടില്‍ ഒരു മണിച്ചേട്ടന്‍ ഉണ്ടായിരുന്നു.  മണിച്ചേട്ടന്‍ എന്നത് ഞാന്‍ കൊടുത്ത മരണാനന്തര ബഹുമതിയാണേ!  പള്ളിമണി, നാലുമണി എന്നൊക്കെ പറയുന്ന ലാഘവത്തോടെ കള്ളുമണി എന്നായിരുന്നു ഞങ്ങള്‍  കൊച്ചു കുട്ടികള്‍ പോലും അക്കാലത്ത് വിളിച്ചിരുന്നത്‌.  ഏതു കൊടിച്ചി പട്ടിയോട്‌ ചോദിച്ചാലും പിന്കോഡ് അടക്കം പുള്ളിയുടെ മേല്‍ വിലാസം പറഞ്ഞു തരുമായിരുന്നു.   അത്രയ്ക്ക് പേര് കേട്ടവന്‍ ആയിരുന്നു.  ക്ഷമിക്കണം. പേനയ്ക്കു  തെറ്റിയതാ.  പെരുകെട്ടവന്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.   
എന്റെയൊക്കെ കുട്ടികാലത്തെ ഏറ്റവും വലിയ ഉത്സവ കാഴ്ച മണിച്ചേട്ടന്‍ ആയിരുന്നു.  കടവന്ത്ര കള്ളുഷാപ്പില്‍ നിന്ന് മൂക്കറ്റം കുടിച്ചു പുള്ളിയുടെ ഒരു 'തെക്കോട്ടിറക്കം' ഉണ്ടായിരുന്നു.  കോര്‍പറേഷന് ഇന്നാ റോഡിനു  കെ.പി.വള്ളോന്‍ റോഡ്‌ എന്ന് പേരിട്ടു. ഇദ്ദേഹത്തെ അറിയുന്നവരാരും ആ റോഡിന്റെ ഇരു കരകളിലും കരമടച്ചു പാര്‍ക്കുന്നില്ല എന്നത് വേറൊരു സത്യം.  പക്ഷെ ഞാനാ റോഡിനു  കൊടുത്തിരിക്കുന്ന പേര് കള്ളുമണി റോഡ്‌ എന്നാണു.  കാരണം, അന്നധേഹം നടത്തിയിരുന്ന തെക്കൊട്ടിരക്കത്തില്‍ ഒരുപാട് പകല്‍ പൂരങ്ങള്‍ കാണാമായിരുന്നു.   ഇത്രയൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍  ഒരുപക്ഷെ അയ്യപ്പ ബൈജൂവിനെ ഓര്‍ത്തെക്കാം.  എന്നാല്‍ ബൈജു ചുണ്ടങ്ങാ  കൊടുത്തു വഴുതനങ്ങ  വാങ്ങിച്ചേ  പോകൂ.  മണിച്ചേട്ടന്‍ എന്നാല്‍ അങ്ങിനെയല്ല.   രണ്ടുരൂപയും വാങ്ങിച്ചേ പോകൂ.   കയ്യിലില്ലാത്തവന്‍ കടം വാങ്ങിയനെലും കൊടുത്തു പോകും.  അടുത്ത പകല്പൂരത്തിന് ഭക്തജനതിന്റെ ഉദാരമായ സംഭാവനയാണിത്.  എന്നാല്‍ നാളിതുവരെ ആര്‍ക്കും  രസീത് കൊടുത്തിട്ടില്ല.  ആരും ചോദിക്കാറുമില്ല.  

പുള്ളിക്കൊരു ദുശീലമുണ്ട്.  ആലപ്പുഴയില്‍ ആണ് ഇന്ന് രാത്രി ഉറക്കമെങ്കില്‍, ഉറങ്ങും മുന്‍പേ (ബോധമുണ്ടെങ്കില്‍) പൂത്തോട്ടയ്ക്ക് പോകുന്ന വഴി ചോദിച്ചു മനസ്സിലാക്കും.  എന്നിട്ട് വടക്കോട്ട്‌ കാലുകള്‍ വരുന്ന വണ്ണം കിടക്കും.  നേരെമറിച്ച് ആലുവയില്‍ ആണെങ്കില്‍ കാലുകള്‍ തെക്കോട്ടും, അറബികടലില്‍ ആണെങ്കില്‍ കിഴകൊട്ടും മുവട്ടുപുഴയില്‍ ആണെങ്കില്‍ പടിഞ്ഞാട്ടും  കാലുകള്‍ നീട്ടിവെച്ചു നീണ്ടു നിവര്‍ന്നു ചുരുണ്ടുകൂടി കിടക്കും.  കണ്ടാല്‍ ഒരു കുട്ടിചാക്കില്‍ എന്തോ നിറച്ചു കെട്ടി വെച്ചിരിക്കുവാന്നെ  തോന്നു.  കാരണം ഉടുമുണ്ടൂരി തലവഴി പുതചിട്ടുണ്ടാവും.   ഇങ്ങിനെയൊക്കെ ചെയ്യുന്നത് എന്തിനു എന്ന് ചോദിച്ചാല്‍  അവിടല്ലെട എന്റെ മക്കാ മസ്ജിദ് ആയ മുല്ലപന്തല്‍  ഷാപ്പുള്ളത് എന്നായിരിക്കും.   ഉണരുമ്പോള്‍ അങ്ങോട്ട്‌ കണി കാണാന്‍ ഇതല്ലേ തരമുള്ളൂ.  മുല്ല പന്തലില്‍ കയറി  രണ്ടു പി.എസ.എന്‍  എങ്കിലും അടിച്ചിട്ട് മരിക്കണം എന്നതായിരുന്നു മനിചെട്ടന്റെ ഏറ്റവും വലിയ ആഗ്രഹം.  (മരിക്കുന്നതിന്റെ തലേ രാത്രി വരെ ഈ ആഗ്രഹം സാധിച്ചിട്ടില്ല എന്നാ കാര്യം എനിക്കറിയാം.   ‍  എന്നാല്‍ മരിച്ചശേഷം പോകുന്ന പോക്കിന് അവിടെ കയറി  രണ്ടു കുപ്പിയെങ്ങാനും.... എന്നാ കാര്യം എനിക്കറിഞ്ഞു കൂടാ)  ഏതായാലും അതിനായി അദ്ദേഹം പലതവണ വ്രത ശുദ്ധിയോടെ ഇറങ്ങി പുറപ്പെട്ടെങ്കിലും മദീനയില്‍ എത്തും  മുന്‍പേ എവിടെയെങ്കിലും  'കള്ളൂ  എന്നൊരു ബോര്‍ഡ് കാണും. പിന്നെ രണ്ടു കയ്യും എലിക്ക്   കുത്തിവെച്ചു ഒരു ചീത്ത വിളിയാണ്.  ഇതാരാണ്ട  മുല്ലപന്തല്‍ ഇത്രയും ദൂരത് കൊണ്ടേ പണിതു വെച്ചത് എന്നും  പറഞ്ഞു.  മുല്ലപന്തല്‍ ഷാപ്  പൂത്തോട്ടയില്‍ പണി കഴിച്ചവന്റെ നാമത്തില്‍  ഒരു സഹസ്രനാമ ജപവും ചൊല്ലി മുന്നില്‍ കണ്ട ഷാപ്പില്‍ കയറി കുടിച്ചു രതിനിരവേദമടയും.   ദെ പിന്നേം  പേനയ്ക്കു നാവു പിഴച്ചു.  നിര്‍വൃതി അടയും എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ  തന്നിരിക്കുന്നു.
ഇപ്രകാരം നിര്‍വൃതിയടഞ്ഞു മണിച്ചേട്ടന്‍  നടത്തിയിരുന്ന തെക്കൊട്ടിരക്കങ്ങളില്‍ (തെക്ക് ദിശയില്‍ ആയിരുന്നെ പുള്ളിയുടെ ഭവനം) അക്കാലത്തെ ഭുജികള്‍ ആലവട്ടവും വെഞ്ചാമരവും വീശി വാഴ്ത്തിപാടിയിരുന്ന പല മഹാ സംഭവങ്ങളെയും  തുനിയുരിച്ചു നിര്‍ത്തി ഇതൊരു മന്നാംകട്ടയും അല്ല എന്നാ സത്യം ജനത്തെ ബോധ്യപ്പെടുത്തി കൊടുക്കുമായിരുന്നു.
ഇന്ന് മണി ചേട്ടന്‍  ഇല്ല. കടവന്ത്ര കള്ളുഷാപ്പും.  എന്ന് വെച്ച് ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍  ആവില്ല.  കുറച്ചു ദിവസ്സങ്ങളായി പത്രക്കാര്‍ക്ക് പറയാന്‍ ഒരു കഥയെ  ഉള്ളു. രതിനിര്‍വേദം. അതിന്റെ ആലോചന തുടങ്ങിയപ്പം മുതലുള്ള അവരുടെ എഴുത്ത് ഇതുവരെ തീര്‍ന്നിട്ടില്ല.  അതിനു തക്കതായ എന്താണ് അതിലുള്ളത്.  പദ്മരാജന്റെയും ഭരതന്റെയും പ്രതിഭയുടെയും  അര്‍പ്പനതിന്റെയും പൂര്‍ണതയാണ് പഴയ രതിനിര്‍വേദം.  അന്നത്തെ മലയാളിക്ക് മുന്നില്‍ ഇതുപോലൊരു വിഷയവുമായി നില്‍ക്കാന്‍ അവര്‍ കാണിച്ച  ധൈര്യം സുരേഷ് കുമാറിനോ  മേനകയ്ക്കോ  രാജീവിനോ  ഉണ്ടോ.  ഉണ്ടായിരുന്നെങ്കില്‍ പുതിയൊരു കഥ പറഞ്ഞു സ്വന്തമായൊരു സിംഹാസ്സനം പണിതു അതില്‍ ഇരിക്കാംആയിരുന്നില്ലേ.  കണ്ടവന്‍ പണിത സിംഹാസ്സനത്തില്‍  കുഷ്യന്‍ ഇട്ടു ഇരുന്നാല്‍ അത് എങ്ങിനെ അംഗീകരിക്കാന്‍ ആവും.പദ്മശ്രീ  എം.ടി. വാസുദേവന്‍‌ നായരേ തെറി വിളിക്കാന്‍ ധൈര്യം ഉണ്ടായ ഒരാളെയേ മലയാളം പ്രസവിച്ചിട്ടുള്ളൂ. രാമായണം വിട് ‍ കാശാക്കിയ കള്ളന്‍ എന്ന് വിളിച്ചത്  വി.കെ.എന്‍. ആണ്.  കള്ളു മണിയും  വി.കെ.എനും  ഇന്ന് ജീവിച്ചിരിപ്പില്ല.  കണ്ണ് പൊട്ടുന്ന  തെറി  ആരെങ്കിലും പറയണമല്ലോ.  വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശികുന്നതല്ല.   എന്തിനിവരീ പണി ചെയ്തു.   മലയാളത്തില്‍ കഥാ ദാരിദ്ര്യം ഉണ്ടായിട്ടോ?   രതിനിര്‍വേദം  ഒരുകാലത്തും ഒരുനാട്ടിലും അവസാനിക്കുന്നില്ല.  ഇതുപോലെ എത്രയെത്ര കഥകള്‍ വേറെയുണ്ട്.   ഏതെങ്കിലും ഒരു പമ്മന്‍ കഥ നിങ്ങള്ക്ക് എടുക്കാമായിരുന്നല്ലോ?  മരണ ശേഷം ഒരു സാഹിത്യ കാരന് കൊടുക്കുന്ന ആദരവായെങ്കിലും  അത് പരിഗനിക്കപ്പെട്ടെനെ. നിങ്ങളുടെ പ്രതിഭയും  കഴിവും വിലയിരുത്താനുള്ള മാനദണ്ഡം ആകുമായിരുന്നു അത്.  അതൊന്നും പറയാതെ ചുണക്കുട്ടികളുടെ   ഉച്ചിഷ്ടം കടമെടുത്തു പ്രതിഭ ചമയനമായിരുന്നോ?  വരും തലമുറ നിങ്ങളെ പുകഴ്ത്തിയെക്കാം.   അവര്‍ക്കറിയില്ലല്ലോ പദ്മരാജന്റെയും ഭരതന്റെയും  നിത്യസ്മാരകത്തില്‍,   ശ്വേത മേനോന്‍ മസാല വിതറി ചൂടാക്കി വിളംബിയതാനെന്നു.  കലാ പൂര്‍ണ്ണതയെയോ  അഭിനയ മികവിനെയോ ഒന്നുമല്ല ഞാന്‍ കുറ്റം പറയുന്നത്.   ഒരു പൂര്‍ണ്ണതയുള്ള കലാസ്രിഷ്ടിയുടെ  മുകളിലും  ഇനിയാരും ഇതുപോലുള്ള  തോന്ന്യാസ്സങ്ങള്‍ നടത്തരുത്.  ഇതുപോലെ  പദ്മരാജന്റെ  തന്നെ ക്ലാസ്സിക്കുകള്‍ വേറെയുമുണ്ട്.  മുന്തിരിതോപ്പിലെ  പോല്‍ പൈലോകാരനും  മൂന്നാം പക്കത്തിലെ  അപ്പൂപ്പനും  തൂവനത്തുബികളിലെ   ജയ കൃഷ്ണനും അങ്ങിനെ തന്നെ ജീവിക്കട്ടെ.   ആ ജീവ തേജസ്ഉള്ള  വിഗ്രഹങ്ങളെ   പൊളിച്ചു പണിതു  കലാ കൈരളിയുടെ   നടന സൌന്ദര്യത്തെയും  സൃഷ്ടി ചാതുര്യത്തെയും   ഇനിയെങ്കിലും ബലാല്‍കാരം ചെയ്യാതിരിക്കൂ..  ഈ സങ്കടതിനിടയിലും ഒരു സന്തോഷം ഉണ്ട്.   വെറുതെയാണെങ്കിലും  പദ്മരാജന്‍  എന്നാ  പേര് ഒരിക്കല്‍ കൂടി  വെള്ളിത്തിരയില്‍ വായിക്കാന്‍ ഇട വന്നതില്

നന്ദി .   നമസ്കാരം.


വാല്‍കഷ്ണം.

ടി കെ രാജീവ് കുമാരുമായുള്ള അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.


? രതിനിര്‍വേദം റീമേക്ക്‌ ചെയ്യാനുണ്ടായ സാഹചര്യം.

1978ല്‍ മലയാള സിനിമയിലെ അതികായരായ പത്മരാജന്‍-ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച ചിത്രമാണ്‌ രതിനിര്‍വേദം. കഥയുടെ കെട്ടുറപ്പും തിരക്കഥയുടെ തീവ്രതയും വരകളില്‍ വര്‍ണം ചാലിച്ച സംവിധാനമികവുംമൂലം രതിനിര്‍വേദം പ്രേക്ഷകഹൃദയങ്ങളില്‍ തങ്ങിനിന്നു. ആ പ്രമേയം അന്നത്തേപ്പോലെ ഇന്നും പ്രേക്ഷകസമൂഹം ഇഷ്‌ടപ്പെടും എന്ന കാരണത്താലാണ്‌ രതിനിര്‍വേദം പുനര്‍ജനിച്ചത്‌.

? രതിനിര്‍വേദത്തിന്റെ സംവിധാന നിയോഗം താങ്കളിലെത്തിയതെങ്ങനെ.

വളരെ യാദൃച്‌ഛികമായാണ്‌ ഇങ്ങനെയൊരു ഭാഗ്യം എന്നെത്തേടിയെത്തിയത്‌. സുരേഷ്‌കുമാര്‍ ദീര്‍ഘകാലമായി എന്റെ സുഹൃത്താണ്‌. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടാറുണ്ട്‌. പതിവുപോലുളള സായാഹ്ന സംഭാഷണത്തിനിടെ സുരേഷ്‌കുമാര്‍ എന്നോടു ചോദിച്ചു, രതിനിര്‍വേദം റീമേക്ക്‌ ചെയ്‌താല്‍ എങ്ങനെയുണ്ടാകും. ഞാന്‍ പറഞ്ഞു, നന്നാകും. 1978 ല്‍ ഉണ്ടായ ചിത്രം 2011 ല്‍ വീണ്ടും പിറവികൊള്ളുമ്പോള്‍ പ്രേക്ഷകര്‍ അത്‌ ഹൃദയത്തില്‍ ഏറ്റുവാങ്ങും. എങ്കില്‍ നിനക്കു ചെയ്യാമോ എന്നായി സുരേഷ്‌. ഒറ്റ മറുപടി എനിക്കുപറ്റില്ല. അങ്ങനെ തല്‍ക്കാലം ആ സംഭാഷണം അവിടെ മുറിഞ്ഞു. വീണ്ടും പതിവുകാഴ്‌ചയില്‍ സുരേഷ്‌ പറഞ്ഞു. ഞാന്‍ രതിനിര്‍വേദത്തിന്റെ റൈറ്റ്‌ മേടിച്ചു. ആ ചിത്രം നമ്മള്‍ ചെയ്യുന്നു. അങ്ങനെയാണ്‌ ഈ ചരിത്രമുഹൂര്‍ത്തത്തിനു പാത്രമായത്‌

Friday, June 24, 2011

അസൂയ നന്നല്ല സ്വന്തമാക്കി അനുഭവിക്കൂ...


പണ്ട് ഒനിഡ TV യുടെ  പരസ്യം ശ്രദ്ധിച്ചവര്‍ ഓര്‍ക്കുന്നുണ്ടാവും.  അസൂയ നന്നല്ല  വാങ്ങി അഭിമാനിക്കൂ  എന്നാ വാചകം.കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന തെസ്നി ബാനു സംഭവത്തില്‍ ഇത് ബാന്‍ഗ്ലൂര്‍ അല്ല.   എന്നൊക്കെ  കേള്‍ക്കുമ്പോള്‍  ഇക്കാര്യം  ആണ് ഓര്‍മ്മ വരുന്നത്. പിന്നെ  എന്താണ്.  താലിബാന്റെ  അഫ്ഘാണോ?  അതോ  സൗദി അറെബിയയോ?

തെസ്നി ബാനുവിനോട് നമ്മളിത് പറയുമ്പോള്‍ പിന്നെ  എന്താണ്  എന്ന്  കൂടി  പറയാനുള്ള  ബാധ്യത  നമുക്കുണ്ട്.  കാരണം നമ്മളിന്നു  പരസ്യമായി  പറയുന്ന ഈ സദാചാരം രഹസ്യമായി  പ്രസ്സങ്ങിക്കില്ല എന്നത്  തന്നെ.  അത് ഓട്ടോ ഡ്രൈവര്‍ ആയാലും ഓടോമോബില്‍  എന്‍ജിനീയര്‍ ‍ ആയാലും കഥ  ഒന്ന് തന്നെ.  നമ്മുടെ സദാചാരം തൊലിപുറത്തെ  ഉള്ളു.  അതിനുള്ളില്‍  ഉള്ളത്   വിളിച്ചു  പറയാനുള്ള  ധൈര്യം  കാണിച്ചില്ലെങ്കിലും   കാപട്യം പറയാതിരിക്കാന്‍  എങ്കിലും  മുതിരണം.  വായടച്ചു  പിടിക്കുന്നതിനു  പ്രതേകിച്ചു   ധൈര്യം  ഒന്നും  വേണ്ടല്ലോ.

പ്രണയം  നിയമ വിരുദ്ധമായ  നടപടി  ആണോ?  ലൈന്ഗീകത  നിയമ വിരുദ്ധം  ആണോ?  ഈ  പറയുന്നവരൊക്കെ തന്നെ  രഹസ്യമായി  ചെയ്തു  കൂട്ടുന്നത്‌  തുറന്നു  പറഞ്ഞില്ലെങ്കിലും  മറ്റുള്ളവരുടെ  സ്വാതന്ദ്ര്യത്തില്‍  ഇടപെടുന്നതെങ്കിലും അവസ്സാനിപ്പിക്കാനുള്ള  സംസ്കാരം  കാണിക്കണം.   ഇവിടെ  സത്യത്തില്‍  പ്രശനം   രണ്ടു  യുവ മിധുനങ്ങള്‍ പ്രണയിച്ചതോ,  ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച്  ഒന്ന്  കെട്ടി പിടിച്ചതോ അല്ല ചില  ആളുകളെ  പ്രകോപിപ്പിച്ചത്.
അവര്‍ക്ക്  ഇതുപോലെ ചെയ്യാന്‍ അവസരം ഇല്ലാത്തതില്‍ ഉണ്ടായ അസൂയ  കൊണ്ട്  മാത്രമാണ് ഇന്നീ  പ്രശ്നം  ഉണ്ടായിട്ടുള്ളത്. നേരെ മരിച്ചു അവര്‍ക്ക്  കൂടി  വഴങ്ങിയിരുന്നെങ്കില്‍ ഈ  സംഭവം  ഉണ്ടാകുമായിരുന്നോ?  ഇത് തിരിച്ചറിയാന്‍ ഇതില്‍ ഇടപെട്ടിട്ടുള്ള  സദാചാര  കാവല്‍ മാലാഖമാരുടെ  പ്രായം  മാത്രം  പരിശോധിച്ചാല്‍  മതിയാകും.
  
ഇനി  മറ്റൊന്ന്.  ഇവര്‍ക്കിതിനെ  ചോദ്യം ചെയ്യാന്‍  ഉണ്ടായ  ധൈര്യത്തിനെ നമ്മള്‍ വാഴ്ത്തണം.  കാരണം ഒരു വടിവാളും  പിടിച്ചു  വൈറ്റില  ജങ്ങ്ഷനില്‍ വെച്ചോ  MG റോഡില്‍ വെച്ചോ രണ്ടു പേര്‍ ഗുണ്ടായിസ്സം നടത്തിയാല്,‍   കാണാത്ത പോലെ ഒഴിഞ്ഞു പോയി സ്വന്തം കാര്യം നോക്കുന്ന സമൂഹത്തിലെ പ്രതിനിധികള്‍  ആണ് ഞാനും നിങ്ങളും.   അങ്ങിനെയുള്ള സമൂഹത്തില്‍ നിന്നും നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഇത്ര ധീരതയോടെ രംഗത്ത് വന്ന ഈ യുവാക്കളെ എന്ത് ബഹുമതി കൊടുത്താണ് ആദരിക്കേണ്ടത്.   തീവ്ര വാദത്തിന്റെയും വിഭാഗീയതയുടെയും പേരില്‍ മറഞ്ഞും മറയാതെയും  ഇവിടെ  എന്തെല്ലാം  നടക്കുന്നു.  ധൈര്യമുണ്ടോ  ഇവര്‍ക്കൊക്കെ  നെഞ്ഞും വിരിച്ചു പിടിച്ചു തടയാനും  ചോദ്യം  ചെയ്യാനും.   ഒരു വടിവാളും പിടിച്ചു നിവര്‍ന്നു നില്‍ക്കാന്‍ ശേഷിയില്ലാത്ത  തമ്മനം ഷാജി അടക്കി വാഴുന്ന നാടാണ് കൊച്ചി എന്നത് ഈ സമയത്ത് ഓര്‍ക്കുന്നത്  നല്ലത്.  ഈര്‍ക്കില്‍ സമാനരായ  ഇത്തരം ഞാഞ്ഞൂലുകളുടെ നിഴല്‍ വെട്ടത്തു പോലും നടക്കാന്‍ ധൈര്യപ്പെടാത്ത  ഇത്തരക്കാരുടെ   സാമൂഹ്യ സേവനം നാടിനെ കൊണ്ട് ചെന്നെതിക്കാന്‍ പോകുന്നത് എവിടെക്കായിരിക്കും?   അവിടെയാണ് ഇരുപതുകളുടെ  കൌതുകങ്ങളില്‍  ജീവിക്കുന്ന യുവ മിധുനങ്ങളുടെ നെഞ്ചത്ത് കേറി നിന്ന്  ഊറ്റം കൊള്ളുന്നത്‌.   നാണമില്ലേ  നിങ്ങള്ക്ക്..

ഇവരൊക്കെ  ഒന്ന് മനസ്സിലാക്കുക.  കടുത്ത ചിട്ടകള്‍  ഉള്ള  ഇസ്ലാമീക രാജ്യങ്ങളില്‍  പോലും  പ്രണയം പരസ്യമായി  നടക്കുന്നുണ്ട്.   രതിലീലകള്‍  ഓടുന്ന  കാറില്‍ വെച്ചും  ആളൊഴിഞ്ഞ സ്ഥലത്ത് ഒതുക്കിയിട്ട വാഹനത്തില്‍ വെച്ചും നടത്തുന്നുണ്ട്.  അവിടെ അതുകണ്ടാല്‍ പോലും ആരും ശ്രദ്ധിക്കാറില്ല.   കാരണം ആര്‍ക്കും  ഉപദ്രവം  ഇല്ലാതെ  രണ്ടുപേര്‍ പരസ്പര  സമ്മതത്തോടെ ചെയ്യുന്ന  ഇത്തരം  കാര്യങ്ങളില്‍  ഇടപെടുന്നത് അവര്‍ക്ക്  മാന്യതയ്ക്ക്  നിരക്കുന്നതല്ല.  മറ്റൊരാളുടെ ന്യായമായ  ഇഷ്ടാനിഷ്ടങ്ങളില്‍  വേറൊരാള്‍ കൈകടത്തുന്നില്ല.   കാരണം  അവര്‍ക്ക്  അസൂയപ്പെടാന്‍  ഇല്ല. അവര്‍ക്കും അങ്ങിനെ ചെയ്യാന്‍ സംവിധാനങ്ങളും  ആളും  ഉണ്ട്.   ഇവിടെ  അതില്ലാത്തവര്‍  കാട്ടികൂട്ടുന്ന  ശുദ്ധ  കാപട്യത്തിന്റെ  പേരല്ല  സദാചാരം.  പരസ്യത്തില്‍ പറയുമ്പോലെ  സ്വന്തമാക്കി അനുഭവിക്കൂ..  അപ്പോളെ  ഈ  രോഗത്തിന് ശാന്തിയുണ്ടാവൂ..



Friday, April 15, 2011

എല്ലാ  അമ്മമാര്‍ക്കും  അവരുടെ   നാനവിധങ്ങളായ  മൌന നൊമ്പരങ്ങള്‍ക്കും  മുന്നില്‍  എന്നെ ഏറെകാലമായി  നൊമ്പരപ്പെടുത്തുന്ന  ഈ  അമ്മയുടെയും മകന്റെയും  കഥ  ഞാന്‍  2011  ലെ മാതൃ ദിനത്തില്‍  വിനയപൂര്‍വ്വം  സമര്‍പ്പിക്കുന്നു.  


അമ്മേ,  മാപ്പ്......



വല്ലാത്തൊരു വേഗതയായിരുന്നു. എവിടെയ്ക്കെന്നോ  ഏതിലൂടെന്നോ  തിരിച്ചറിയാനാവാത്ത  വിധം അതിവേഗത്തിലൂടൊരു  കടന്നു പോക്ക്.    ഞാനെവിടെയോ എതിചെര്ന്നതായൊരു തോന്നല്‍. ഞാന്‍  ചുറ്റും  നോക്കി.  ഒന്നും  വ്യക്തമല്ലാത്ത  പോലെ.  പക്ഷെ   ആ  അവ്യക്തതയ്ക്കിടയിലും  ഞാന്‍  എന്‍റെ  രണ്ടു ചങ്ങാതികളെ  തിരിച്ചറിഞ്ഞു.  അവരെ അഭിവാദ്യം ചെയ്യാന്‍  ഞാന്‍ ശ്രമിച്ചെങ്കിലും എനിക്ക്  വാക്കുകള്‍  പുറത്തേക്കു  വരുന്നില്ലായിരുന്നു.  അവര്‍ക്കും  അത്  തന്നെ  ആയിരിക്കണം  സ്ഥിതി. അപ്പോഴാണ്‌  ഞാന്‍ ശ്രദ്ധിക്കുന്നത്.  ഒരു  ജന സാമാന്യം  ഞങ്ങള്‍ക്ക് മുന്നില്‍  ഉണ്ടായിരുന്നത്.  അതില്‍  എല്ലാ  തരം  ആളുകളും  ഉണ്ടായിരുന്നു.  ഒറ്റ വാക്കില്‍ പറഞ്ഞാല്‍  ആബാലവൃദ്ധം.  ജരാ നര ബാധിച്ചവരില്‍ അതിന്റെ  ലക്ഷണങ്ങള്‍  ഒന്നും  ഇല്ലായിരുന്നു.   ശിശുക്കള്‍ക്കാവട്ടെ  അതിന്റെ  ബലഹീനതയും.  എല്ലാവരിലും  ഒരു  പുതു ചൈതന്യം.  പരസ്പരം  ഉരിയാടാതെ  അച്ചടക്കത്തോടെ നില്‍ക്കുന്ന  ഞങ്ങള്‍ക്കിടയിലേക്ക്  പെട്ടെന്നാരോ  കടന്നു  വന്നു.  അവര്‍  ഓരോരുത്തരോടും  എന്തൊക്കെയോ  പറയുകയും  അറിയുകയും   ചെയ്ത ശേഷം,  ചിലരെ  വലത്തേക്കും  മറ്റുചിലരെ  ഇടത്തേക്കും പറഞ്ഞയച്ചു. ഞങ്ങള്‍ മൂവരുടെയും ഊഴം  ഒരുമിച്ചായിരുന്നു.  വലിയൊരു  അധികാരി എന്ന് തോന്നിക്കുന്ന  ആ  രൂപം   ഞങ്ങള്‍  മൂവരോടുമായി  ഇങ്ങിനെ  പറഞ്ഞു.                                                                                               "ഭൂമിയില്‍  വധ ശിക്ഷയ്ക്ക്  വിധേയരായി  എത്തിയവര്‍  നിങ്ങള്‍ .  കൂര്‍ത്തുമൂര്‍ത്ത   ഇരുമ്പ് കമ്പികൊണ്ട്  സഹ മനുഷ്യനെ കൊന്നു"    ശെരിയല്ലേ?

"കൊന്നതല്ല, മല്പ്പിടുതത്തില്‍,  അത്തരമൊരു  വസ്തുവിലേക്ക്  അയാള്‍  മറിഞ്ഞു  വീഴുകയായിരുന്നു.  അപ്പോളത്തെ  വെപ്രാളത്തില്‍   അയാളെ  രക്ഷിക്കാനായി  ആ  ഇരുമ്പ്  ദണ്ട് ഞങ്ങള്‍ ഊരി  എടുക്കുകയായിരുന്നു.  അത്  ഞങ്ങള്‍ക്ക്  കൂടുതല്‍  വിനയായി.  ഞങ്ങള്‍ക്കെതിരായ   അനിഷേധ്യമായ  തെളിവായി.  ഞങ്ങള്‍  മൂവരെയും  ഒരുമിച്ചു  ആക്രമിക്കാന്‍  തക്ക  ആരോഗ്യവും  കരുത്തുമുള്ള   ആ  പാക്കിസ്ഥാനിയെ  ഉറങ്ങിക്കിടക്കുമ്പോള്‍  പോലും വധിക്കുവാന്‍ ഞങ്ങള്‍  ശാരീരികമായും  മാനസീകമായും  ശക്തരല്ലായിരുന്നു.  പക്ഷെ  ഇതൊന്നും  കോടതിക്ക്  മനസിലായില്ല.   കാരണം അയാള്‍  ചോര വാര്‍ന്നു മരണപ്പെട്ടിരുന്നു.  ചോരയ്ക്ക്  ചോര.  അതായിരുന്നു  നിയമം."

ഞങ്ങള്‍  ശാന്തരായി  പറഞ്ഞവസ്സാനിപ്പിച്ചു 
തേജോരൂപം  വീണ്ടും  ഞങ്ങളോട്  സംസാരിച്ചു.  "എല്ലാം  ഇവിടെയും  രേഖപ്പെടുത്തിയിട്ടുണ്ട്.  എന്നാല്‍   ചിലത്  നിങ്ങളോട്  ചോദിക്കേണ്ടതുണ്ട്.  കാരണം  സ്വര്‍ഗ്ഗ നരകത്തിലേക്കുള്ള  പ്രവേശനം  ആണിവിടെ.  നിങ്ങളുടേത്  പ്രത്യേക  കേസ്  ആണ്.    അതിനാല്‍  ചിലകാര്യങ്ങള്‍  നിങ്ങള്‍  സ്വയം  പറയേണ്ടിയിരിക്കുന്നു.   അതിന്റെ  അടിസ്ഥാനത്തില്‍  മാത്രമേ  നിങ്ങള്ക്ക്  എവിടെ  പ്രവേശനം  എന്ന്  പറയാന്‍  ആവുകയുള്ളൂ".   തേജോരൂപം   മധുരമായി  പറഞ്ഞു. 



എന്തായിരുന്നു  നിങ്ങളുടെ  അവസ്സാനത്തെ  ആഗ്രഹമായി  ന്യയാധിപനോട്  ആവശ്യപ്പെട്ടത്?  

"ഇസ്ലാമില്‍ ചേര്‍ന്ന ശേഷം മരിക്കണം"   എന്‍റെ കൂട്ടുകാര്‍ ഒരേ  സ്വരത്തില്‍  പറഞ്ഞപ്പോള്‍  ഞാന്‍ ഒന്നും  മിണ്ടാതെ  തലകുനിച്ചു  നിന്നു.

തേജോരൂപം  എന്നെ നോക്കി.   എന്താ  നിനക്ക്  അവസാനത്തെ  ആഗ്രഹം  ഒന്നും  ഉണ്ടായിരുന്നില്ലേ?

"അമ്മയോട്  സംസാരിച്ച  ശേഷം മരിക്കണം".   ഞാന്‍  ഭയത്തോടെ അതുവരെ ഇല്ലാത്ത  വിക്കലോടെ  ഒരുവിധം  പറഞ്ഞൊപ്പിച്ചു.

"അതെന്താ അങ്ങിനൊരു മോഹം.  മതം സ്വീകരിച്ച്  സ്വര്‍ഗത്തില്‍  സ്ഥാനം  ഉറപ്പിക്കണം  എന്ന്  നിനക്ക്  തോന്നാതിരുന്നത് എന്തേ?   ഇനി  നിനക്ക്  സ്വര്‍ഗം  വേണ്ട  എന്നുണ്ടോ?  അതോ  നീ  നിരീശ്വര വാദി ആണോ?   തേജോരൂപം  എന്നെ  വിചാരണ  ചെയ്യാനുള്ള  പുറപ്പാടിലാണെന്ന് തോന്നിപ്പോയി  എനിക്കപ്പോള്‍ .

"സ്വര്‍ഗം  വേണ്ടാഞ്ഞിട്ടല്ല. ഞാന്‍ നിരീശ്വര വാദിയും  അല്ല.  എനിക്ക് വേണ്ടി  ജീവിച്ച എന്‍റെ  അമ്മയെ തീരാദു:ഖത്തില്‍  അകപ്പെടുതിയതിന്റെ  നിരാശ മാത്രമായിരുന്നു  എനിക്കപ്പോള്‍ .   


ഞ്ഹൂം....         നിങ്ങള്‍ക്കവിടെ  ജയിലില്‍ മത പഠനം  ഉണ്ടായിരുന്നല്ലോ  എന്നിട്ടും  നിനക്ക്  മതം  സ്വീകരിച്ചു,  സ്വര്‍ഗ്ഗം  ഉറപ്പിക്കാന്‍  തോന്നിയില്ലേ?

ഒന്നും  ഒന്നും  തമ്മില്‍  കൂട്ടിയാല്‍  ലോകത്തായാലും പരലോകത്തായാലും  രണ്ടല്ലേ  ഉത്തരം കിട്ടുക.   ജയിലില്‍  പഠിച്ചതും  കുട്ടിക്കാലത്ത്  ഞാന്‍ പഠിച്ചതും  എല്ലാം  ഒരേകാര്യം ആയിരുന്നു.   

എന്നിട്ട്  നിന്റെ  ആഗ്രഹം  അവര്‍  സാധിച്ചു തന്നോ   തേജോരൂപം  വീണ്ടും  ചോദിച്ചു.  
അര മണിക്കൂര്‍  ഫോണിലൂടെ സംസാരിക്കാന്‍  അദ്ദേഹം  എന്നെ  അനുവദിച്ചു.  

എന്തായിരുന്നു  നീ അമ്മയോട്  പറഞ്ഞത്?  അമ്മ  നിന്നോടെന്തെല്ലാം  പറഞ്ഞു?  നിന്റെ  നാവില്‍ നിന്നും  ഞാനൊന്ന്  കേള്‍ക്കട്ടെ?  
തേജോരൂപം  ഒരു  മന്ദസ്മിതം  പൊഴിച്ചുകൊണ്ട്‌  എന്നോടാവശ്യപ്പെട്ടു.

ഞാന്‍  പതിയെ  ഓര്‍മകളിലേക്ക്   ആഴ്ന്നിറങ്ങി.


ജയിലിലെ രണ്ടു ഉദ്യോഗസ്ഥാര്‍  എന്നെ  സെല്ലില്‍  നിന്നും  ജയില്‍  അധികാരിയുടെ മുറിയിലേക്ക്  കൂട്ടികൊണ്ട്  പോയി.  അവിടെ  ഒരു മൂലയില്‍  ഒരു   ചെറിയ  മേശയും കസസെരയും.  മേശപ്പുറത്തു ഒരു  ഫോണും  ടൈം പീസും  ഒരു  കുപ്പി  വെള്ളവും  ഉണ്ടായിരുന്നു.  എന്നെ  അതിനു മുന്നില്‍  ഇരുത്തിയ ശേഷം  ജയില്‍ അധികാരി എന്നോട് പറഞ്ഞു: അര മണിക്കൂര്‍ സംസാരിക്കാന്‍  നിന്നെ  കോടതി  അനുവദിച്ചിട്ടുണ്ട്. ഈ  സമയം  മുഴുവന്‍  നിനക്ക്  ഉപയോഗിക്കാം.  സമയം  തീരുമ്പോള്‍  ഫോണ്‍  വിചെധിക്കപ്പെടും.  ആശംസകള്‍ പറഞ്ഞ ശേഷം  അദ്ദേഹം  നമ്പര്‍  ഡയല്‍ ചെയ്തു  ഫോണ്‍  എനിക്ക്  കൈമാറി.   മുറിയില്‍  നിന്നും  ഇറങ്ങി  പുറത്തു  നിന്ന്  പൂട്ടി.    എന്റെ  കയ്യിലിരുന്ന  ഫോണില്‍  അങ്ങേതലയ്ക്കല്‍  ബെല്‍ മുഴങ്ങുന്ന  ശബ്ദം കേള്‍ക്കാം.   മേശപ്പുറത്തിരുന്ന  ടൈം പീസിനെക്കാള്‍  പല മടങ്ങ്‌ വേഗത്തില്‍ എന്റെ ഹൃദയം   മിടിക്കുന്നുണ്ടായിരുന്നു.   ഫോണിന്റെ   അങ്ങേ തലയ്ക്കല്‍ നിന്നും ഞാന്‍  ആദ്യമായി കേട്ട മധുരസ്വരം  ഒരു താരാട്ടിന്റെ  ഈണത്തില്‍  എന്റെ  ചെവിയിലേക്കെത്തി.  എന്റെ  അമ്മയുടെ  സ്വര സംഗീതം.  മുല്ലപ്പൂവിന്റെ  സുഗന്ധം  എന്നെ  പൊതിഞ്ഞു.  എനിക്കുചുറ്റും  അനവധിയായ സുഗന്ധ  പുഷ്പങ്ങള്‍  സെക്കന്റുകള്‍ കൊണ്ട്  പൂത്തുലഞ്ഞു  നില്‍ക്കുന്നത്  ഞാന്‍  കണ്ടു.   പലവിധ വികാരാവേശ  തിരത്തള്ളലില്‍ ഞാനൊന്ന്  വിളിക്കാന്‍  ശ്രമിച്ചു, എന്റെ  അമ്മെ എന്ന്.   എന്നാല്‍  പുറത്തേക്കു  വന്നത്  ഒരു  വിളി  ആയിരുന്നില്ല,  എന്റെ  അമ്മെ  എന്ന  നിലവിളി  ആയിരുന്നു.  എന്റെ അമ്മേ  എന്ന  നിലവിളി.......  


എനിക്ക്  മനസിലായി, അമ്മയ്ക്ക്  എന്നോട്  പറയാന്‍ ഒരുപാടുണ്ടെന്നു.   എല്ലാ  കാര്യങ്ങളും  കൂടി  ഒരുമിച്ചു  വന്നിട്ട്  അമ്മയ്ക്ക്  ഒന്നും  മിണ്ടാന്‍  വയ്യാത്ത  അവസ്ഥയില്‍  ആയിരുന്നു.  അത്  കൊണ്ട്  ഞാന്‍  തന്നെ  തുടങ്ങി  വെച്ചു.
"അമ്മേ  ഈ  മോനോട്  ക്ഷമിക്കണം.   അമ്മയെ  ഞാന്‍  ഒത്തിരി  സങ്കടപ്പെടുത്തി.   അമ്മയ്ക്ക്   വാര്‍ധക്യത്തില്‍  താങ്ങും  തണലും  ആവേണ്ടിയിരുന്ന  ഞാന്‍,  സങ്കടങ്ങളുടെയും നിസ്സഹായതയുടെയും തീരാ ദു:ഖത്തില്‍ അകപ്പെടുത്തി കൊണ്ട്   എന്നെന്നേയ്ക്കുമായി  ഇല്ലാതാകുവാന്‍  പോവുകയാണ്.   അമ്മയ്ക്ക് തരാന്‍ ഇനി  ഒന്നും തന്നെ  എന്റെ  കയ്യില്‍  ഇല്ല. അമ്മേ,             മാപ്പ്  അമ്മേ..   എന്നെ  ശപിക്കരുതേ...


എന്റെ  വാക്കുകള്‍  കേട്ട്  അമ്മ  നിയന്ത്രണം  വിട്ടു  പൊട്ടി കരഞ്ഞു..
അവിടെ  ആരോ  അമ്മയെ  ആശ്വസ്സിപ്പിക്കുന്നതും  നിയന്ത്രണം പാലിക്കാന്‍  ഉപദേശം കൊടുക്കുന്നതും  കേള്‍ക്കാം.


ഇടറുന്ന തൊണ്ടയില്‍ നിന്നും  വിറയലാര്‍ന്ന  ശബ്ധത്തില്‍  അമ്മ  എന്നോട്  പറഞ്ഞു.


എന്റെ  കുഞ്ഞേ,  അമ്മയ്ക്കെങ്ങിനെ  നിന്നെ ശപിക്കാനാവും,   അമ്മ അമ്മയായത്,  എന്റെ  ഉണ്ണി  എന്റെ ഉദരത്തില്‍  പിറന്നപ്പ്പോഴാണ്.   കഴിഞ്ഞ  ദിവസ്സങ്ങളിലോക്കെയും  എന്റെ  ഉണ്ണി  ജനിച്ചപ്പോള്‍  മുതലുള്ള  ഓരോ നിമിഷവും  ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍ .      "മ്മേ"  
എന്ന്  ആദ്യമായി  വിളിച്ചത്  പോലും  എന്റെ  ചെവിയില്‍  ഇപ്പോളും  ഉണ്ട്.  നീ  ജോലിതേടി   മറുനാട്ടില്‍  പോകുന്നത്  വരെ   എന്റെ ഉണ്ണി  അമ്മയെ  വേദനിപ്പിച്ചിട്ടില്ല.  കുഞായിരുന്നെങ്കിലും  അമ്മയുടെ  കോട്ടയയിരുന്നു  നീ  എനിക്കെന്നും.   പലപ്പോളും  ഈ  അമ്മയ്ക്ക്  ചുറ്റും  സുരക്ഷിതത്വത്തിന്റെ   കോട്ട തീര്‍ത്തു,  നിന്റെ  സാമീപ്യം.  ആ  ഉണ്ണിയെ  അമ്മയെങ്ങിനെ  ശപിക്കും.  മോനെ...   അമ്മയിന്നു  നിന്നെ  അനുഗ്രഹിക്കുന്നു,   "മരിച്ചാലും  എന്റെ ഉണ്ണി  ജീവിയ്ക്കും,"
ഒരു പാട്  ഹൃദയങ്ങളില്‍  .....


കുഞ്ഞുന്നാളില്‍ സിദ്ധാര്‍ത്ഥ കുമാരന്റെ  കഥ പറഞ്ഞു തന്ന, ഭഗത് സിംഗിന്റെ  കഥ പറഞ്ഞു തന്ന,
ഭൂതപ്പാട്ട്  പാടി കേള്‍പ്പിച്ച   എന്റെ  അമ്മയപ്പോള്‍ എന്റ്റെ മുന്നില്‍ ഇരിക്കുന്ന പോലെ  എനിക്ക് തോന്നി.   ഒരു   അസാധാരണ  ധൈര്യം അപ്പോളേക്കും  അമ്മയ്ക്ക്  കൈവന്ന  പോലെ.
അതോ  എന്നെ  സന്തോഷിപ്പിക്കാന്‍ ,   എന്റെ മാനസീകാവസ്ഥ  കൂടുതല്‍ മോശമാവാതിരിക്കാന്‍   അമ്മ  സ്വയം മറന്നു  അഭിനയിച്ചതോ?  എനിക്കറിയില്ല.


 ഞാന്‍  ഓരോരുത്തരെയും  പേര്  പറഞ്ഞു  അവരുടെയൊക്കെ  ക്ഷേമം  അന്വേഷിച്ചു.  എനിക്ക് പ്രിയപ്പെട്ട  എല്ലാവരുടെയും  വിശേഷം  അമ്മ  എന്നെ  പറഞ്ഞു  കേള്‍പ്പിച്ചു.    കൂട്ടത്തില്‍   പോരും  മുന്‍പ്   എന്റെ   വീട്ടു മുട്ടത്തു  ഞാന്‍  നട്ട  പൂമരത്തെ  കുറിച്ചും...


ഉണ്ണീ....  ദേവദാരു  എന്ന്  പേരിട്ടു നീ നട്ട  ചെടി  ഇന്ന് വളര്‍ന്നു  നമ്മുടെ  മുറ്റമാകെ പടര്‍ന്നു  നില്‍ക്കുന്നു.  നല്ല  തണലാണ്‌  അതിനു  കീഴില്‍ .   രണ്ടു  കരങ്ങള്‍  നീട്ടി  നില്‍ക്കുന്നത്  പോലെയാണ്  അതിന്റെ  രണ്ടു  ചില്ലകള്‍   നില്‍ക്കുന്നത്.  അമ്മയിന്നലെ  ഏറെനേരം  അതിനു കീഴിലിരുന്നു.  എന്റെ  ഉണ്ണിയെ  ഓര്‍മ്മയുണ്ടോ  ദേവദാരു,  എന്ന്  ചോദിച്ചപ്പോള്‍    ഒരു  ഇളം തെന്നല്‍ വന്നു  അതിന്റെ  ചില്ലകള്‍  ഇളക്കി.


അമ്മേ.  നാളത്തെ ജുമാ  നമസ്കാരം കഴിയുമ്പോള്‍ ഞാന്‍  ഇല്ലാതാവും.  പക്ഷെ  അമ്മയെ കാണാന്‍ ഞാന്‍  ആ  മരത്തില്‍  വരും. തെന്നലായി..... കുളിരായി,....ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരതാന്‍ തുടങ്ങി.   ഞാന്‍  പൂര്‍ത്തിയാക്കും  മുന്‍പേ  അമ്മ  വീണ്ടും  തൊണ്ട  ഇടറി പറഞ്ഞു.

അമ്മയെന്നും  ഇനിയാ  മരത്തണലില്‍  ഇരിക്കും.   അമ്മയുടെ അന്നത്തില്‍  ഒരു  പങ്കു  ദേവദാരുവിന് നല്‍കും.   അമ്മയ്ക്കിനി  അതല്ലേ  കഴിയു.  അത് മാത്രം.....
കരച്ചിലിന്റെ  വരമ്പത്ത്  നില്‍ക്കുന്ന  അമ്മയുടെ  നിയന്ത്രണം  നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍  പെട്ടെന്ന്  പറഞ്ഞു.  "  അതുവേണ്ടാമ്മേ,    അമ്മ  തിന്നു ബാക്കി  വരുന്നത്  മതി  എനിക്ക്.  അതാണ്‌  എനിക്കിനി  അമൃത്.   എന്നാല്‍  അതിന്റെ  കാരണം  പറഞ്ഞു  പൂര്‍ത്തിയാക്കാന്‍  കഴിയും  മുന്‍പേ  എനിക്ക്  കോടതി  കനിഞ്ഞനുവധിച്ച  സമയപരിധി  അവസ്സാനിച്ചിരുന്നു.  

എന്റെ  കഥ ഞാന്‍ പറഞ്ഞു  നിര്‍ത്തുമ്പോള്‍ ,  എവിടെ നിന്ന് എന്ന് മനസ്സിലായില്ലെങ്കിലും  ഒരേ താളത്തിലുള്ള  കയ്യടി ആയിരുന്നു.

തേജോരൂപം  ഇരു കരങ്ങളും  ഉയര്‍ത്തി നിശ്ശബ്ദത  ആവശ്യപ്പെട്ടു.    എന്നിട്ട് 
സാവധാനം എന്റെ  അടുത്തേക്ക് വന്നു തല കുനിച്ചു  നിന്നു.   അല്‍പ്പനേരത്തെ  മൌനത്തിനു ശേഷം  എല്ലാവരോടുമായി  പറഞ്ഞു.   ഇവരില്‍ മതം സ്വീകരിച്ചവര്‍ ആണോ അതോ അമ്മയെ ആദരിച്ചവന്‍ ആണോ  സ്വര്‍ഗത്തില്‍  പ്രവേശിക്കേണ്ടത്   എന്ന്  ഞാന്‍ സ്വയം  തീരുമാനിക്കുന്നില്ല.  പരേതരും  അല്ലാത്തവരുമായ എല്ലാവരുടെയും അഭിപ്രായം അറിഞ്ഞ  ശേഷം   അത്  തീരുമാനിക്കും.  അതുവരെ നിങ്ങള്‍ ത്രിശങ്കുവില്‍ നില്‍ക്കുക.


പ്രിയമുള്ളവരേ  ഞങ്ങളുടെ കഥ കേട്ടല്ലോ.   ത്രിശങ്കുവില്‍  നില്‍ക്കുന്നതിനേക്കാള്‍  നല്ലത്  നരകമാണ്.   നിങ്ങളുടെ വിലയേറിയ അഭിപ്രായം ഞങ്ങളുടെ വിധി  നിശ്ചയിക്കും.     നിങ്ങളുടെ  അഭിപ്രായം   ദയവായി   ഇവിടെയോ  സകുടുംബതിലോ  രേഖപ്പെടുത്തു.