Sunday, April 18, 2010

ഒരു പേരില്‍ എന്തിരിക്കുന്നു 


     വിശ്വ പ്രശ്ശസ്തമായ  ഷേക്സ്പിയര്‍ വചനം.  നമുക്കെല്ലാവര്‍ക്കും ഒരു പേരുണ്ട്.  പല പേരുള്ളവരും ധാരാളം.  രേഖകളില്‍ ഒരു പേര്, ഓമനപ്പേര്, ഇരട്ടപ്പേര്, തൂലികാനാമം ഇങ്ങിനെ പലതരത്തില്‍ നമുക്ക് പേരുകള്‍ ഉണ്ട്.   സ്ഥലങ്ങള്‍ക്കും ഇതുപോലെ പേരുകള്‍ ഉണ്ട്.  ഇന്ന് നമ്മള്‍ അറിയുന്ന പല സ്ഥലങ്ങളുടെയും പേരുകള്‍ പണ്ട് മറ്റൊരു പേരിലായിരുന്നു എന്നും കാണാം.  എടുത്തു  പറയുകയാണെങ്കില്‍ 'മാത്തന്‍ ചേരി ' പിന്നീട് മട്ടാഞ്ചേരി ആയതും , തൃശിവപേരൂര്‍  പിന്നീട് തൃശൂര്‍ എന്ന് ലോപിച്ചതും ഒക്കെ കൌതുക ചരിത്രം.  അതുപോലെ മദ്രാസ് ചെന്നൈ ആയതും ബോംബെ  മുംബൈ ആയതുമെല്ലാം സമീപകാല ചരിത്രം.  ആള്‍മാറാട്ടം, മതം മാറ്റം എന്നിങ്ങിനെയുള്ള ആവശ്യങ്ങള്‍ക്ക് നമ്മളും പേര് മാറ്റാറുണ്ട്.  ഇവിടെ 3 പേരുകള്‍ ഞാന്‍ പ്രത്യേകമായി എടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നു.   നമ്മുടെ കൊച്ചു കേരളത്തെ ഭൂലോകത്തെ മുഴുവനുമായി  ബന്ധിപ്പിക്കുവാന്‍; തിരിച്ചും പറയാം, ലോകത്തെ ദൈവത്തിന്റെ സ്വന്തം നാടുമായി അടുപ്പിക്കുന്നതിനുമായി  ഇവിടെ 3 എയര്‍പോര്‍ട്ട് ഉണ്ട്.  ശ്രദ്ധിച്ചാല്‍ ഇവയുടെ പേരുകള്‍ രസാവഹമാണ്.   ഏറ്റവും പുതിയ എയര്‍പോര്‍ട്ടില്‍ നിന്നും തുടങ്ങാം. 


     കൊച്ചിയില്‍ വാത്തുരുത്തി കോളനിക്ക് മുന്‍പില്‍ ആയിരുന്നു ആദ്യത്തെ വിമാനത്താവളം.  അന്ന് ഇത്  അറിയപ്പെട്ടിരുന്നത്  കൊച്ചിന്‍ എയര്‍പോര്‍ട്ട് എന്നപേരില്‍ ആയിരുന്നു.  അല്ലാതെ വാത്തുരുത്തി എയര്‍പോര്‍ട്ട്  എന്നല്ലായിരുന്നു.  പിന്നീട് കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള പുതിയ എയര്‍പോര്‍ട്ട് ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍  നിര്‍മിച്ചു.  തെളിച്ചു പറഞ്ഞാല്‍ നെടുമ്പാശ്ശേരി എന്ന ഗ്രാമത്തില്‍.   കൊച്ചിയുടെ വളര്‍ച്ചയ്ക്ക്, അതുവഴി കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനും ഊര്‍ജം പകരാന്‍ കെല്പുള്ള പ്രൌഡ ഗംഭീരമായ  ആ വിമാനത്താവളം ഇന്നറിയപ്പെടുന്നത്‌ നെടുമ്പാശ്ശേരി വിമാനത്താവളം എന്നപേരില്‍ ആണ്.   നമ്മുടെ അച്ചടി-ദ്രിശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ എല്ലാം തന്നെ ഇതിനെ ഇപ്രകാരം ആണ് വിളിച്ചു വരുന്നത്.  നെടുമ്പാശ്ശേരി എന്ന പേരില്‍ ഒരു ബസ്‌-റെയില്‍വേ സ്റ്റേഷന്‍ പോലും ഇല്ലാത്തപ്പോള്‍ ആണ്  ഒരു അന്താരാഷ്ട്ര വിമാനത്താവളം ഒരു ബസ്‌ സ്റ്റോപ്പ്‌നെക്കുറിച്ച്  പറയുമ്പോലെ ലാഘവത്തോടെ വിളിക്കുന്നതെന്നോര്‍ക്കണം.  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നൊരു ബോര്‍ഡ് ആ കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍  ആരെങ്കിലും അതിനെ കൊച്ചിന്‍ എയര്‍പോര്‍ട്ട് എന്ന് വിളിച്ചിട്ടുണ്ടോ?  ഒരു പേരില്‍ എന്തിരിക്കുന്നു അല്ലേ?


     നമ്മുടെ തല്സ്ഥാനതും ഒരു എയര്‍പോര്‍ട്ട് ഉണ്ട്.   ശംഖുമുഖം  എന്ന സ്ഥലത്താണ് അതിരിക്കുന്നത്.   എന്നാല്‍ ഒരു പത്രക്കാരും അതിനെ ശംഖുമുഖം എയര്‍പോര്‍ട്ട് എന്ന് എഴുതാറില്ല. പത്രക്കരോടാണ് എന്റെ ചോദ്യം.  എന്ത് കൊണ്ട് നിങ്ങള്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം എന്ന്  വൃത്തിയായി    പറയുന്നു.    ഒരു പേരില്‍ എന്തിരിക്കുന്നു അല്ലേ?


     കണ്ണൂരില്‍ ഒരു പുതിയ എയര്‍പോര്‍ട്ട് പണിയാന്‍ പോകുന്നു.   മൂര്‍ഖന്‍ പറമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലമാണ്‌ ഇതിനു കണ്ടു വെച്ചിരിക്കുന്നത്.   എന്തായിരിക്കും ആ വിമാനത്താവളത്തിന് നിങ്ങള്‍ വിളിക്കാന്‍ പോകുന്ന പേര്.   മൂര്‍ഖന്‍ പറമ്പ് എന്ന് പറഞ്ഞു പറഞ്ഞു മൂര്‍ഖന്‍ പാമ്പ് എന്ന് ലോപിച്ച് പോയാലോ.  പേടി കൂടാതെ പറയാന്‍ വടിയൊരെണ്ണം വെട്ടി കയ്യില്‍ പിടിക്കേണ്ടി വരുമോ ആവോ? 


     കോഴിക്കോട്ടും നമുക്കൊരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉണ്ട്.  'കരിപുര്‍' വിമാനത്താവളം എന്നാണു വിളിക്കുന്നതും എഴുതുന്നതും.   ജനങ്ങളും   അതേറ്റു പറയുന്നു.  മാധ്യമങ്ങള്‍ ഉത്തരം പറയണം. എന്ത് കൊണ്ട് കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം എന്ന് നിങ്ങള്‍ പറയുന്നില്ല.   ഒരു പേരില്‍ എന്തിരിക്കുന്നു അല്ലേ ?


     തലശേരിക്കാരന്‍ അബ്ദുള്ള എന്ന സ്നേഹിതന്‍ പറഞ്ഞ ഒരു കഥ ഓര്‍ത്തു പോകുന്നു.  അവിടെ തൃക്കരിപ്പൂര്‍ എന്നൊരു സ്ഥലം  ഉണ്ട്.  അതെ നമ്മുടെ സഖാവ് നായനാരുടെ മണ്ഡലം.  ഒരിക്കല്‍ ഒരു തെക്കന്‍ മുസ്ല്യാര്‍ എന്തോ ആവശ്യത്തിനു  അങ്ങോട്ട്‌ ബസില്‍ പുറപ്പെട്ടു.   ടിക്കറ്റ്‌ വില്പനക്കാരന്‍ വന്നപ്പോള്‍ ഇദ്ദേഹത്തിനു  ഇറങ്ങേണ്ട സ്ഥലം പറയാന്‍ ഒരു മടി.  ബസില്‍ സാമാന്യം സ്ത്രീകള്‍ ഉണ്ടായിരുന്നു.  അവരില്‍ പലരും കൂസലില്ലാതെ സ്ഥലപേരു പറഞ്ഞു ടിക്കറ്റ്‌ എടുക്കുന്നുണ്ട്.  നമ്മുടെ ചങ്ങാതിക്ക്  സമൂഹത്തില്‍ അല്പം വിലയും നിലയും ഒക്കെ ഉള്ളത് കൊണ്ട് സ്ത്രീയാത്രികരുടെ മുന്നില്‍ വെച്ച്  അല്‍പ്പം ഭേദഗതിയോടെ ശബ്ദം താഴ്ത്തി  ഇങ്ങിനെ പറഞ്ഞുവത്രേ.  ഒരു ത്രിക്കരിക്കുണ്ടി.  കാര്യം മനസ്സിലാക്കിയ കണ്ടക്ടര്‍  ടിക്കറ്റും ബാക്കി  കൃത്യമായ  ചില്ലറയും സന്തോഷത്തോടെ കൊടുത്തു പോലും.   മലയാള ഭാഷയിലെ  സംസ്കൃത പദാര്‍ഥങ്ങളും അസംസ്കൃത പദാര്‍ഥങ്ങളും തിരിച്ചറിയാത്തവര്‍  കരിപുര്‍ ടിക്കറ്റും തൃക്കരിപ്പൂര്‍ ടിക്കറ്റും മടികൂടാതെ ചോദിച്ചു വാങ്ങിയേക്കാം.   വിജ്ഞാന കുതുകികളായ വിദേശികള്‍ ആരെങ്കിലും  ഇതിന്റെയൊന്നും  അര്‍ഥം തിരയാതിരുന്നാല്‍ നാടിന്റെയും ടൂര്‍ ഒപെരെട്ടര്‍  മാരുടെയും ഭാഗ്യം.   ഇനി പറയു.......


ഒരു പേരില്‍ എന്തെല്ലാം ഇരിക്കുന്നു.