Saturday, March 19, 2011

രാജാവിന്റെ ഭാര്യ

       മലയാളി മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കൂടി കാലെടുത്തു വെച്ചിരിക്കുന്നു.  വാഗ്ദാനങ്ങളുടെ പട്ടികയുമായി ഇരുമുന്നണികളും നമ്മുടെ നേര്‍രേഖയില്‍ വരുന്ന ഗ്രഹണകാലം.  ഇടതു മുന്നണിയുടെ പ്രകടന പത്രിക വായിച്ചു
കോരിത്തരിച്ചാണ്  ഞാനിതെഴുതുന്നത്.
"പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണം നല്‍കും"  എന്നതാണ് ഈ  വാഗ്ദാനം.  ലോകത്തെതൊരു ഇടതു പ്രസ്ഥാനവും ചെയ്യാന്‍ അരയ്ക്കുന്ന കാര്യമാണ് നമ്മുടെ ഇടതു പ്രസ്ഥാനം ചെയ്യുമെന്നുറക്കെ പ്രഖ്യാപിച്ചു വോട്ട് ചോദിക്കുന്നത്.  (ഇതുപോലെ വേറെ പലതുമുണ്ട് അതൊന്നും  ഞാനിവിടെ പറയുന്നില്ല)
ഇത്തരം അടവ് നയം വോട്ടിനുവേണ്ടി മാത്രം നമ്മുടെ സഖാക്കള്‍ ഈയിടെയായി അനുവര്‍ത്തിക്കുന്നുണ്ട്.  പാക്കിസ്ഥാനില്‍ പ്രളയം
ഉണ്ടായപ്പോള്‍ ഭാരത സര്‍ക്കാരിന്റെ സഹായം നിരസിച്ച പാക്ക് ജനതയ്ക്ക് നമ്മുടെ സര്‍ക്കാര്‍ കോടികള്‍   സഹായംപ്രഖ്യാപിച്ചിരുന്നു. മുസ്ലിം
 വര്‍ഗ്ഗബോധം വോട്ടാവുമെന്നു കരുതി ആയിരിക്കണം ഈ  സാഹസം ചെയ്തത്.  രാജാവിനെക്കാള്‍ വലിയ രാജ ഭക്തി.  പഴം ചൊല്ലില്‍ പതിരില്ലെന്നാണ് പഴമക്കാര്‍ പറയാറ്.
എന്നാല്‍ ഇത്തരം ഭരണ പരിഷ്കാരങ്ങളിലൂടെ പതിരില്ലാത്ത പഴം ചൊല്ലിനു വേറെ പലതും ഉണ്ടായേക്കാം.  ആരുടെ വോട്ടിനു വേണ്ടി ആണെന്നറിയില്ല,  പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് വേണ്ടി ഇപ്പോള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
സാമാന്യ ബോധം ഉള്ള ഒരു പരിവര്‍ത്തിതന്റെ വോട്ട് പോലും ഇതുകൊണ്ട് പെട്ടിയില്‍ വീഴില്ല.
കാരണം,  ഒരുവന്‍ ക്രിസ്തു മതം സ്വീകരിച്ചാല്‍ പിന്നെയവന്‍ ക്രിസ്ത്യാനി  ആണ്.  ക്രിസ്തു മതത്തിലെക്കാള്‍ പരിവര്‍ത്തനം യഥാര്‍ത്ഥത്തില്‍ ഇന്ന് ഇസ്ലാമില്‍ നടക്കുന്നുണ്ട്.  എന്നാല്‍ ഒരിടത്തും നമ്മള്‍ പരിവര്‍ത്തിത മുസ്ലിം അല്ലെങ്കില്‍ ദളിദ്  മുസ്ലിം എന്നൊന്നും   കേള്‍ക്കുന്നില്ല. എന്തുകൊണ്ട്?  ഉത്തരം പറയാന്‍ എന്റെ മേല്‍ ആത്മീയ അധികാരങ്ങളുള്ള ആരെങ്കിലും  തയ്യാറാവുമോ?

       പരിവര്‍ത്തിത ക്രൈസ്തവാന്‍, ദളിദ് ക്രൈസ്തവാന്‍ എന്നൊക്കെ വിളിപ്പേര് കൊടുക്കുന്നത് യഥാര്‍ത്ഥത്തില്‍ ചില സ്ഥാപിത
താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്.  ഒരുവള്‍ക്ക്‌ രാജ്ഞി ആവാന്‍ രാജകുടുംബത്തില്‍ ജനിക്കണം എന്നുണ്ടോ?  രാജാവ് വിവാഹം (അവള്‍ രാജകുമാരി അല്ലെങ്കിലും) ചെയ്‌താല്‍ അവളെ ആരെങ്കിലും പരിവര്‍ത്തിത രാജ്ഞി എന്ന് വിളിക്കാന്‍ ധൈര്യപ്പെടുമോ?  അങ്ങിനെ ആയിരുന്നെങ്കില്‍ ഡയാനയെ ലോകം എന്തിനു രാജകുമാരി എന്ന് വിളിച്ചു.  അവര്‍ ഏതു രാജകുടുംബത്തിലെ 
കുമാരി ആണ്.   ഇതൊക്കെ  പോട്ടെ, അറയ്ക്കല്‍
രാജകുടുംബം എങ്ങിനെ ഉണ്ടായി?   എന്നിട്ടും,  ക്രിസ്തു മതത്തിലേക്ക് വരുന്നവരെ മാത്രം എന്തിനിങ്ങിനെ  കോണകം ഉടുപ്പിച്ചു കെട്ടി
വലിക്കുന്നു.

       ഒരുവന്‍ മാമ്മോദീസ സ്വീകരിക്കുമ്പോള്‍, അത് 
സവര്‍ണ്ണന്‍ ആയാലും അവര്‍ണ്ണന്‍ ആയാലും അവന്റെ ഭൌതീകവും ആത്മീയവുമായ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും 
 ആദ്യന്തമുള്ള ഉത്തരവാദിത്തം സഭയ്ക്കും സഭാമക്കള്‍ക്കും മാത്രമാണ്.  സര്‍ക്കാരിനല്ല.
കാരണം മത പരിവര്‍ത്തനം സര്‍ക്കാരിന്റെ 
വിഷയമല്ല.  മതം വളര്‍ത്തേണ്ടത്, അതാതു 
മതങ്ങളുടെ മാത്രം ആവശ്യമാണ്‌. രണ്ടുടുപ്പ് ഉള്ളവന്‍ ഒന്ന് ഇല്ലാത്തവര്‍ക്ക് കൊടുക്കട്ടെ എന്നാണു വേദപുസ്തകം വിശ്വാസിയോട് ആവശ്യപ്പെടുന്നത്.  ഒരേക്കര്‍ ഉള്ള വിശ്വാസ്സിക്കാവുമോ ഒരു സെന്റ്‌, ഇല്ലാത്തവന് കൊടുക്കാന്‍.  മദര്‍ തെരെസ്സയ്ക്കുണ്ടായിരുന്ന സാരിയുടെ കണക്കു പറയാനേ അവര്‍ക്കാവൂ.

       അപ്പം കയ്യിലുള്ളവനെ "അപ്പാ" എന്ന്
വിളിക്കാത്തതിന്റെ പേരില്‍ അര്‍ഹതയുള്ളവര്‍ക്ക് കിട്ടേണ്ടത് കിട്ടാതെ
പോവരുത്.  കാരണം ക്രിസ്തുവിനെക്കാള്‍ വലിയ
വിപ്ലവകാരി വേറെയില്ല.

        പറഞ്ഞു വരുന്നത് പരിവര്‍ത്തിത,
ദളിദ് ക്രൈസ്തവര്‍  എന്നീ വിളിപ്പേരുകള്‍ 
ഒക്കെയും  പഴയ ചാതുര്‍വര്ന്ന്യത്തിന്റെ പുതിയ പതിപ്പാണ്‌.  ക്രിസ്തുമതം മനുഷ്യനെ "ദൈവമക്കള്‍"  എന്നാണു വിഭാവന ചെയ്യുന്നത്.  അവിടെ മുന്പുണ്ടായിരുന്നവര്‍ക്കും പിന്നാലെ വരുന്നവര്‍ക്കും എല്ലാം ഒരേ സ്ഥാനം.  ഒരേ പരിഗണന.

       അതിപുരാതനം എന്ന് അഹങ്കരിക്കുന്ന കുറച്ചു ക്രിസ്ത്യന്‍ നിര്‍മ്മാണങ്ങളുടെ  മോന്തായം താങ്ങി നിര്‍ത്താന്‍ വേണ്ടി മാത്രം സൃഷ്ടിയ്ക്കുന്ന ഈ സാമൂഹീക അസമത്വങ്ങളുടെ മുന്നില്‍ തിരി
കത്തിച്ചുവണങ്ങാനല്ല സത്യത്തില്‍ഇടതുപക്ഷംനിലകൊള്ളേണ്ടത്. 
നിങ്ങളുടെപൂര്‍വ്വസൂരികളുടെ വിപ്ലവ 
ചരിത്രവും അതല്ലായിരുന്നു.  തലമുറ മാറിയെന്നു വെച്ച് വിത്ത് ഗുണം മാറി പോകരുത്.

ലാല്‍സലാം...


Tuesday, March 1, 2011

കുഴി ബോംബുകള്‍

സ്വര്‍ഗത്തിലേക്കുള്ള വാതില്‍ ഇടുങ്ങിയതും വഴികള്‍ ദുഷ്കരവും എന്ന് കേട്ടിട്ടുണ്ട്.  ബഹുമാനപ്പെട്ട ജയിംസ് അച്ചന്റെ ബ്ലോഗ്‌ വായിച്ചപ്പോള്‍ ഇക്കാര്യമാണ് ആദ്യം  മനസ്സിലേക്കെത്തിയത്.  ചരിത്രമായിരിക്കാം, എന്നാല്‍പോലും അല്പം ഇടുങ്ങിയ ചിന്താഗതിയോടെയാണ് അച്ഛന്‍ അവതരിപ്പിക്കുന്നത്‌.  ഒരു കത്തോലിക്കാ  പുരോഹിതന്‍ ആയിട്ടുപോലും അദ്ദേഹം ഒരു പ്രതേക വിഭാഗത്തിന്റെ മാത്രം സ്ഥാനപതി ആവാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു.  ജെയിംസ് അച്ഛനെ ഞാന്‍ ഒരിക്കലും  പഠിപ്പിക്കാന്‍  പാടുള്ളതല്ല.   Ph.D എടുക്കാനായി റോമില്‍ വന്നിട്ടുള്ള  അദ്ധേഹത്തിന്റെ പാണ്ഡിത്യം എനിക്കില്ല.   വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നവനോട് ആദരം വേണം.  ഞാനത് നല്‍കുന്നു.  അതുകൊണ്ട് വളരെ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ വിയോജനകുറിപ്പ് മാത്രമാണ്.  ആകയാല്‍ ഇനി താഴേക്കു വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ജയിംസ് അച്ചന്റെ ബ്ലോഗിലെ മാര്‍തോമന്‍ നസ്രാണികളെക്കുറിച്ച് പറയുന്ന  പോസ്റ്റ്‌ വായിക്കണം  എന്ന്  അപേക്ഷിക്കുന്നു.

       ക്രിസ്തുമതം ഭാരതത്തെ സംബന്ധിച്ചിടത്തോളം വൈദേശീക മതം തന്നെയാണ്.  തോമസ്‌ അപ്പസ്തോലന്‍ ഇവിടെ വന്നത് സുവിശേഷം പ്രസങ്ങിക്കാനും,  മതം സ്ഥാപിക്കാനുമായിരുന്നു.  പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യര്‍ പ്രചരിപ്പിച്ചതാണ് ലത്തീന്‍ ആരാധനാ ക്രമം എന്നച്ചന്‍ ചരിത്രം വിളമ്പുമ്പോള്‍, മാര്‍പ്പാപ്പയുടെ കീഴില്‍ നിന്നുകൊണ്ട് ഒരു കത്തോലിക്കാ  പുരോഹിതന്‍ ഇങ്ങിനെയും കുശുമ്പ് കുത്തുമോ എന്ന് ആശ്ചര്യപ്പെട്ടു പോകുന്നു.  12 പേരെയാണ് ക്രിസ്തു അയച്ചത്.  12 ക്രിസ്തുവിനെകുറിച്ചു പറയാന്‍ ആയിരുന്നില്ല  അത്. അതെ ഈ  12 പേരും പറഞ്ഞത് ഒരേയൊരു ക്രിസ്തുവിനെ ആയിരുന്നു.  തോമസ്‌ ശ്ലീഹ പറഞ്ഞ ക്രിസ്തുവിനെതന്നെയല്ലേ  പതിനാറാംനൂറ്റാണ്ടില്‍ പാശ്ചാത്യര്‍  പറഞ്ഞതും. 
 ദൌത്യം അവിടെ തീര്‍ന്നില്ല.  അവരെ കേട്ട ഓരോരുത്തര്‍ക്കും "കടമ" ഉണ്ടായിരുന്നു, ക്രൂശിതനായ ക്രിസ്തുവിനെ കുറിച്ച് കേള്‍ക്കാതവരോട് പറയാന്‍.  ഈ  കടമ ഇന്ന് ഏതെങ്കിലും കത്തോലിക്കന്‍ ചെയ്യാറുണ്ടോ?  പെന്തക്കൊസ്തുകളും,  യഹോവ സാക്ഷികളും ചെയ്യാറുണ്ട്.  അല്‍പ്പം അതിരുവിട്ടു പറഞ്ഞോട്ടെ, മുസ്ലിം സഹോദരങ്ങള്‍ പോലും തക്കം കിട്ടിയാല്‍ ഇത് ചെയ്യുന്നുണ്ട്.   പിന്നെ  നമ്മളെന്താണ്  ചെയ്യുന്നത്.  നമ്മള്‍  പാരമ്പര്യമാണ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്.  ഒരു ക്രിസ്തീയ പുരോഹിതന്റെ  "കടമ" ഇതാണോ?  നിര്‍ഭാഗ്യവശാല്‍ അച്ചനിന്നു പാരമ്പര്യത്തിന്റെ തടവുകാരനാണ്.

     ലത്തീന്‍ ആരാധനാ ക്രമം പിന്തുടരുന്നവരോടുള്ള മതിപ്പില്ലായ്മ  വരികള്‍ക്കിടയില്‍  വായിക്കാം.  ഓര്‍ക്കണം, ക്രിസ്തുവിന്റെ പേരിലാണ് ഇതെല്ലാം എന്ന്.
സ്വര്‍ഗീയ പാപ്പ ജോണ്‍ പോള്‍ രണ്ടാമനെ ഓര്‍ക്കുന്നു.  ഇത്രയേറെ ലോകത്തിനു  സ്വീകാര്യനായ  പാപ്പ വേറെ ഉണ്ടായിട്ടുണ്ടാവില്ല.  ആ  ആദരവിനു മുന്നില്‍ പരസ്പരം കടിച്ചു കീറുന്ന രാജ്യങ്ങള്‍ പോലും സെയിന്റ് പീറ്റേഴ്സ്  ചത്വരത്തിന് മുന്നില്‍ ഒരുമിച്ചു നിന്ന് യാത്രാ മൊഴി നല്‍കിയ രംഗം നമ്മള്‍ കണ്ടതാണ്. വേറെ ഏതൊരു നേതാവിന്റെ മുന്നിലാണ് ലോകം ഇതുപോലെ ഒരുമിച്ചു വന്നു നിന്നിട്ടുള്ളത്.  ചില പാളിച്ചകള്‍ പറ്റി പോയെങ്കിലും അത് തിരുത്തി കൊണ്ട് ബനെടിക്റ്റ് പാപ്പ  മുന്നോട്ടു പോകുന്നു.  ഇതൊരു വിഭാഗത്തിന്റെ മാത്രം  പാപ്പയാണോ?  അങ്ങിനെ  ആയിരുന്നെങ്കില്‍,  ‍അന്നെങ്ങിനെ  ലോകത്തിനു  
വത്തിക്കാനില്‍  മാത്രമായി ചുരുങ്ങി നില്‍ക്കാന്‍ 
സാധിച്ചു.   എന്റെ  കാഴ്ചപ്പാടില്‍ ഒരു ക്രിസ്തീയ പുരോഹിതന്‍ ഒരു വിഭാഗത്തിന്റെ മാത്രം ആളാവരുത്‌.  
 
       തോമ നസ്രാണിയും പത്രോസ് നസ്രാണിയും പൌലോസ് നസ്രാണിയും എന്ന് ദൈവ മക്കളെ  വേര്‍തിരിക്കരുത്.   ഒരു  അപ്പോസ്തോലനും  സ്വന്തം പേരില്‍ സഭ സ്ഥാപിച്ചിട്ടില്ല.  ക്രിസ്തു സ്ഥാപിച്ച സഭയെ വളര്‍ത്തുക ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്ന യേശു ഏല്‍പിച്ച കടമ നിര്‍വഹിക്കുക മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ.
ആകയാല്‍ ആഗോള ക്രൈസ്തവ സഭയെ  ഗാഗുല്തായിലെ കുരിശിനു കീഴില്‍ അണിനിരത്താന്‍ ശ്രമിക്കാം. 

     സ്വര്‍ഗത്തിലേക്കുള്ള വാതില്‍ ഇടുങ്ങിയതും വഴികള്‍ കല്ലും മുള്ളും നിറഞ്ഞതും 
ആയിക്കൊള്ളട്ടെ.  കല്ലും മുള്ളും ചവിട്ടി ചോരയൊലിക്കുന്ന 
കാലുകളുമായിട്ടെങ്കിലും  സ്വര്‍ഗ്ഗകവാടം കടന്നു കിട്ടിയാല്‍ അതിനേക്കാള്‍ വലുതായിട്ടെന്തുണ്ട്.  എന്നാല്‍ കവാടം വിശാലവും വഴികളില്‍ കുഴി ബോംബുകള്‍ നിറഞ്ഞതും ആണെങ്കിലോ?  ഭൂമിയില്‍ മരിച്ചു സ്വര്‍ഗയാത്ര പോകുന്ന ആത്മാവിനു കുഴി ബോംബു പൊട്ടി വീണ്ടും മരണമോ?       അയ്യയ്യോ!!!