Tuesday, January 18, 2011

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു  ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു...

ഗിരിഷ് പുത്തഞ്ചേരിയുടെ ഈ സുന്ദര വരികള്‍ മൂളുമ്പോള്‍ എനിക്ക് ഒരുപാട് അമ്മമാരെ ഓര്‍മ വരും.  നമ്മുടെ ഓരോരുത്തരുടെ അമ്മയും പലവട്ടം കണ്ണീരില്‍  നനഞ്ഞു നിന്നിട്ടുണ്ടാവും.  ഈയിടെയായി ആഗോള ക്രൈസ്തവരുടെ അമ്മയും ഇതുപോലെ പലയിടങ്ങളില്‍ കണ്ണീരില്‍ നനയുന്നതായി കേള്‍ക്കുന്നു.  ശിവകാശിയില്‍ അച്ചടിച്ച അമ്മയുടെ ചിത്രങ്ങളില്‍ നിന്നും കണ്ണീരും രക്ത കണ്ണീരും പടരുമ്പോള്‍  അത് പുതിയൊരു പ്രാദേശീക വാര്‍ത്തയും ആശ്ച്ചര്ര്യവും   ആകുന്നു.  വിശ്വാസികള്‍ക്ക് തങ്ങളുടെ പഴയ വിശ്വാസത്തിനു പുതിയൊരു ഉറപ്പും ബലവും ഉണ്ടാകുന്നു.  മഞ്ഞളരുവിയില്‍, കട്ടചിരയില്‍  ഇങ്ങിനെ സ്ഥലനാമങ്ങള്‍ നീളുന്നു.  നിര്‍ഭാഗ്യവശാല്‍ എനിക്കിവിടൊന്നും പോകാന്‍ അവസരം ഉണ്ടായില്ല.   എന്നാല്‍ പരിശുദ്ധ അമ്മ കരഞ്ഞ നിമിഷങ്ങള്‍ ഞാന്‍ വേദ പുസ്തകത്തിലൂടെ  കാണുന്നു.
*  ബേതലഹേമില്‍  ദിവ്യകുമാരന് ജന്മം കൊടുക്കാന്‍ ഇടം തേടി അലയുന്ന അവളെയും അവളുടെ മൌന നൊമ്പരതെയും ഞാന്‍ കാണുന്നു.  ദാവീദിന്റെ ഗോത്രത്തില്‍ ജനിച്ചിട്ടും പശുതോഴുതിന്റെ പരിമിതിയില്‍ തന്‍റെ കുഞ്ഞിനെ  കിടത്തേണ്ടി വന്നതിന്‍റെ ആകുലതകള്‍ സാധാരണ പെണ്ണിന് പോലും ഊഹിക്കാനേ ഉള്ളു.
**  അവനെ ചക്രവര്‍ത്തിയുടെ വാളില്‍ നിന്നും രക്ഷിക്കുവാന്‍ വിഷമിക്കുന്ന ഒരമ്മയുടെ മാനസീക സംഘര്‍ഷങ്ങളെയും ഞാന്‍ മനസ്സില്‍ കാണുന്നു.
***  ഒരു  കൊച്ചു കുടുംബത്തിന്റെ ജീവിത പ്രാരാബ്ധങ്ങളെയും  ഒരു കുടുംബിനിയുടെ ദൈന്യതയും ഞാന്‍ അവളില്‍ കാണുന്നു.
****  മൂന്നു ദിവസത്തോളം നഷ്ടപ്പെട്ട കുഞ്ഞിനെ തേടിയലയുന്ന നിസ്സഹായതയെയും,എന്‍റെമോനെ.....  എന്ന കരളലിയിക്കുന്ന നിലവിളിയും ഞാന്‍ കേള്‍ക്കുന്നു.
*****  യഹൂദ പ്രമാണിമാരുടെ അസഹിഷ്ണുതയില്‍ നിന്നും ഉയര്‍ന്നെക്കാവുന്ന  അപകടത്തെയോര്‍ത്തു  'യഹോവേ' എന്ന് വിലപിച്ചപേക്ഷിക്കുന്ന അമ്മയെ എനിക്ക് കാണാനാവും.
******  മതനിന്നയാരോപിച്ചു ഗവര്‍ണ്ണര്‍ മുന്‍പാകെ കൂച്ചുവിലങ്ങില്‍ നില്‍ക്കുമ്പോഴും, ചാട്ടവാര്‍ അടികള്‍ക്ക് ശിക്ഷിക്കപ്പെടുമ്പോഴും, ആ അമ്മയ്ക്ക് മാറിനിന്നു നെഞ്ചകം പൊട്ടി വിലപിക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
*******  ഗാഗുല്‍ത്താ മലയിലേക്കു അന്ത്യയാത്ര പോകുന്നതറിഞ്ഞു വഴിയില്‍ വെച്ചു മകനെ  കണ്ട അമ്മയെ പ്രപഞ്ചത്തിനു മറക്കാനാവുമോ?
********  ഒടുവില്‍ ചേതനയറ്റ ശരീരം മരത്തില്‍ നിന്നും മടിയിലേക്ക്‌ മാറ്റികിടത്തിയപ്പോള്‍......  ആ രംഗം വര്‍ണ്ണിക്കാന്‍ ഒരു മഴയ്ക്കും മഴക്കാരിനും കഴിയില്ലല്ലോ? 
     അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞപ്പോഴോക്കെയും ഒരു കാരണം ഉണ്ടായിരുന്നു.  ഇതുപോലെ നമ്മള്‍ പലപ്പോഴായി കരഞ്ഞപ്പോഴും അമ്മയ്ക്കും കണ്ണ് നിറഞ്ഞു.  അവള്‍ ഇറങ്ങി വന്നു.  കാനായിലെ കല്യാണ പന്തലില്‍ തുടങ്ങിയ ആ വ്യാകുല കണ്ണീര്‍  വേളംകണ്ണിയിലും വല്ലാര്‍പാടതും തുടര്‍ന്ന് കണ്ടു.  യൂറോപ്പിലും  പലയിടത്തും പ്രത്യകഷപ്പെട്ടു.  അവിടെയോക്കെവ്യും അമ്മയ്കൊരു ലക്‌ഷ്യം ഉണ്ടായിരുന്നു.  ഫാത്തിമയില്‍  മൂന്നു കുഞ്ഞുങ്ങള്‍ക്ക്‌ മുന്നില്‍ വരുമ്പോള്‍  'ലോക സമാധാനം ' എന്ന ഒരു കാരണവും സന്ദേശവും അവള്‍ക്കുണ്ടായിരുന്നു.   എന്നാല്‍ ഇന്ന് നാടൊട്ടുക്ക് കലാസ്രിഷ്ടികലായ ചിത്രങ്ങളില്‍  കണ്ണീരും രക്ത കണ്ണീരും വരുമ്പോള്‍ തീര്‍ച്ചയായും അത്ഭുതം എന്ന് പറയേണ്ടി വരും.  എന്നാല്‍ ഇതിനു കാരണം എന്ത്?  ഇതിലൂടെ എന്ത് സന്ദേശമാണ് അമ്മയ്ക്ക് തരാനുള്ളത്‌.  അതാരും പറയുന്നില്ല.  ഈ പ്രതിഭാസത്തിന്റെ കാരണം നമുക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍  ഇതെങ്ങിനെ അത്ഭുതം എന്ന് വിളിക്കും.   ഞാന്‍ കരയുന്നത് കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ കാരണം ചോദിക്കും.  ഞാന്‍  കാരണം പറയാതെ വീണ്ടും കരഞ്ഞുകൊണ്ടിരുന്നാല്‍ എന്‍റെ കണ്ണുനീരിനു നിങ്ങളുടെ മുന്നില്‍ വിലയില്ലാതാവും.  പിന്നാലെ എനിക്കുതന്നെ ന്നിങ്ങളുടെ മുന്നില്‍ വിലയും നിലയും ഇല്ലാതാവും. 
     ഞാനിങ്ങനെ പറയുമ്പോള്‍ സാധാരണ വിശ്വാസികള്‍ എന്നെ  ദൈവ വിരോധികള്‍ എന്ന് മുദ്ര കുത്തും.  ദൈവ തീരുമാനത്തെയും ഇഷ്ടതെയും ചോദ്യം ചെയ്യലാണ് എന്നൊക്കെ പ്രതികരിക്കുന്നവരുണ്ട്.   നിര്‍വചിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്  അത്ഭുതം എന്ന് മറുപടി പറയുന്നവരും ഉണ്ട്.  ഒരു പരിധി  വരെ അത് ശെരിയാണ്.  എന്‍റെ ചോദ്യം അപ്പോഴും ബാക്കിയാവുന്നു.
ഇതുകൊണ്ട്  ആര്‍ക്കെന്തു ഗുണം ഉണ്ടായി?  ഇവിടെ  സ്വര്‍ഗതിനോ ഭൂമിയ്ക്കോ  വിശേഷിച്ചു ഗുണമോ ദോഷമോ കാണുന്നില്ല. 
     അമ്മയുടെ ഇടപെടലും അത്ഭുതവും തീര്‍ച്ചയായും ഈലോകതിനാവശ്യം ഉണ്ട്.   വൈദ്യലോകം  നിസ്സഹായതയോടെ നില്‍ക്കുന്ന മാരക രോഗികള്‍ക്ക്, സത്യവും അസത്യവും ഇഴപിരിചെടുക്കാന്‍ പാടുപെടുന്ന അന്വേഷണങ്ങളില്‍  അങ്ങിനെ പറഞ്ഞാല്‍ തീരാത്ത ആവശ്യങ്ങളില്‍ ദൈവീകമായ ഇടപെടലുകളുടെയും  അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ആവശ്യം മാനവസമൂഹതിനുണ്ട്.   ഇവിടെ വിശ്വാസികള്‍ ശ്രദ്ധിക്കാത്ത ഒരു കാര്യം ഉണ്ട്.  യേശുദേവന്‍ ശൂന്യതയില്‍ നിന്നും ഭസ്മം സൃഷ്ടിക്കുക എന്നിങ്ങനെയുള്ള കാല്‍ക്കാശിനു  വിലയില്ലാത്ത അത്ഭുതങ്ങള്‍ ഒന്നും  ചെയ്തിട്ടില്ല.  കാഴ്ചയില്ലാതവന്  കണ്ണും, കാതില്ലാതവന് കേള്‍വിയും , മുടന്തും കൂനും ഉള്ളവരെ  ന്യൂനതകള്‍  ഇല്ലാത്തവരും,  ഭീകരമായ  കുഷ്ടരോഗത്തില്‍ നിന്നും പരിപൂര്‍ണ്ണ സൌഖ്യവും , വിശക്കുന്നവനു  ആഹാരവും  എന്നിങ്ങനെയുള്ള അത്ഭുതങ്ങളെ അവന്‍ ചെയ്തിട്ടുള്ളൂ.  അതാവട്ടെ വിലമതിക്കാന്‍  ആവാത്തതും പകരം വെയ്ക്കാന്‍ ഇല്ലാത്തതുമായ പ്രവര്‍ത്തികളും ആയിരുന്നു.
      അതെ, അവിടെയും ഇവിടെയും ഇരുന്നു മാതാവ് കരയുബോള്‍ നമുക്ക് ഗുണവും ദോഷവും സംഭവിക്കുന്നില്ല. 

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു... ആ കണ്ണീരില്‍ കാണിക്ക വഞ്ചി നിറഞ്ഞു...
ഇതല്ലേ ഇന്ന് സംഭവിയ്ക്കുന്നത്.

പ്രാര്‍ത്ഥന:       എത്രയും ദയയുള്ള മാതാവേ,  നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വരേണമേ.  നീ വരുമ്പോള്‍  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന ഞങ്ങള്‍ക്ക് പ്രത്യാശയും ഊര്‍ജ്ജവും ആകുന്നു.  നീ  എന്നിലേക്ക്‌ വരുമ്പോള്‍ എന്‍റെ ജീവിതം  അത്ഭുതകരമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നു.  അമ്മെ, ഞങ്ങളെ പോലെ അമ്മയും കരയാന്‍ തുടങ്ങിയാല്‍ പിന്നെ ആരുണ്ട്‌ ഈ ലോകത്തില്‍ ഞങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കാന്‍.  എന്നെക്കാള്‍ വലിയ ദുഖിതയാണ് നീയെങ്കില്‍ എന്‍റെ ദുഃഖങ്ങള്‍ ഞാന്‍ നിന്നോടെങ്ങിനെ പറയും.  അമ്മെ, നീ ലോകത്തിന്റെ അമ്മയാണ്.  ദുഖിതരുടെ ആശ്രയമാണ്.  കനിവിന്റെ ഉറവയാണ്.   അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്തവളെ..  എന്‍റെ ജീവിതത്തിന്റെ അപേക്ഷകള്‍ നിന്റെ മുന്‍പാകെ ഉണ്ട്.  അനേകരുടെ യാചനകളും.  നിന്നില്‍ ശരണപെടുന്നവരെ ഒരുനാളും നീ ഉപേക്ഷിച്ചിട്ടില്ല എന്നകാര്യം ഓര്‍ക്കേണമേ.. ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു ഞാനും നിന്റെ പക്കല്‍ വരുന്നു..  കനിവോടെ,  അലിവോടെ, സ്വീകരിക്കേണമേ ഞങ്ങളുടെ യാചനകള്‍...

No comments:

Post a Comment