Wednesday, July 14, 2010

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ്പ്  ശമിപ്പതുണ്ടോ?

     ഗുരുവിന്റെ കൈവെട്ടു സംഭവം: കേരളം ഇത്രകണ്ട് കൊണ്ടുപിടിച്ചു ചര്‍ച്ച  ചെയ്ത  മറ്റൊരു  സംഭവം ഈ അടുത്ത കാലത്തുണ്ടായിട്ടുണ്ടാവില്ല.  ഒരു വശത്ത് ഊര്‍ജിതമായ അന്വേഷണം.  മറുവശത്ത് വിശദമായ ചര്‍ച്ചകള്‍.  ഇതിനിടയില്‍ കൂടി പ്രതിഷേധ പ്രകടനങ്ങള്‍.  അമ്പമ്പോ എന്തൊരു മാറ്റമാണിത്.  ചില കാട്ടാളന്മാരുടെ പ്രവര്‍ത്തികള്‍ക്കെതിരെ നാടും നഗരവും ഒരേമനസ്സോടെ ചെയ്യുന്ന സുകൃതങ്ങള്‍ കണ്ടിട്ട് ഹൃദയത്തിനകത്ത്‌  ഹൈട്രജെന്‍ നിറച്ചത് പോലെ.  പ്രതിരോധ പ്രതിഷേധ പരിഹാര മാര്‍ഗങ്ങള്‍ ഒക്കെയും ചര്‍ച്ച ചെയ്യുമ്പോളും ഒരു കാര്യം എല്ലാവരും മറക്കുന്നു.  ഇത് വന്ന വഴി.  കേരളം മുഴുവന്‍ കാര്‍ന്നു തിന്നാന്‍ കരുത്തുള്ള ഈ  കാന്‍സര്‍ ഉണ്ടാവാനുള്ള കാരണം തിരിച്ചറിയാതെ നടത്തുന്ന അന്വേഷണങ്ങളും  പ്രതിരോധനടപടികളും പരിഹാരമാര്‍ഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും ഒക്കെയും നാളെ വെള്ളത്തില്‍ വരച്ച വരപോലാകും.  
     പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇത് മൂന്നുമാണല്ലോ പല രോഗങ്ങളുടെയും മൂലഹേതു.  ദൈവത്തിന്റെ സ്വന്തം നാടിനു അകാലമരണം തന്നെ സംഭവിച്ചേക്കാവുന്ന രോഗത്തിന് ഇതിലേതാണ് കാരണം. 
     പ്രധാന കാരണം ഷുഗര്‍ ആണ്.  24%  വോട്ടിനുവേണ്ടി ഇടതും വലതും മാറി മാറി പല മുസ്ലിം സംഘടനകളെയും  ഞാഞ്ഞൂല്‍ പാര്‍ട്ടികളെയും മധുരം കൊടുത്തു പ്രീണിപ്പിച്ചു.  ഭരണകൂടങ്ങള്‍ ഇഫ്താര്‍ വിരുന്നുകള്‍ വരെ മത്സരിച്ചു  സംഘടിപ്പിച്ചു.  എന്താ മധുരിക്കുന്നില്ലേ. 
     ഇനി മറ്റൊരുകൂട്ടരുണ്ട്.  എഴുത്തുകാരും പ്രസാധകരും.  മുസ്ലിം സമുദായത്തിനെതിരായ ഒരു പ്രശ്നം വരട്ടെ.  സിംഹവാലന്‍ കുരങ്ങിനെ എന്നപോലെ എത്രപേരാണ് സംരക്ഷകാരാവുന്നത്.  എന്തെല്ലാം മുട്ടായുക്തികള്‍ എഴുതിയാണ് സുഖിപ്പിക്കുന്നത്.  തൊടുപുഴയുണ്ടായപ്പോള്‍ സ: ബേബി  മടയന്‍ എന്ന് വിളിച്ചു സുഖിപ്പിച്ചു.   സമീപ കാലത്ത്  തേക്കടി ദുരന്തം, തമിഴ് നാട്ടില്‍ തീര്‍ഥാടനത്തിനു പോയി അപകട മരണം സംഭവിച്ചവരുടെ മരണാനന്തര ചിലവുകള്‍ ഒക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു.  സൂര്യനെല്ലിയിലെയും സന്തോഷ്‌ മാധവന്‍ കേസിലെയും പെണ്‍കുട്ടികളെയും സര്‍ക്കാര്‍ ജോലികൊടുത്തു സഹായിച്ചു സംരക്ഷിച്ചു. മാതൃകാ പരമായ നല്ല കാര്യം.  നമ്മുടെ സാംസ്കാരീക കേരള ചരിത്രത്തിനു തന്നെ തീരാകളങ്കമായ ഈ സംഭവത്തില്‍ ചികിത്സാ ചിലവെങ്കിലും ഏറ്റെടുക്കാനുള്ള സംസ്കാരം സാംസ്കാരീക വകുപ്പ് മന്ത്രി  അങ്ങേക്കുണ്ടാകുമോ. ഇവിടെ വിശ്വ ഹിന്ദു പരിഷത് പോലും അതാവശ്യപ്പെട്ടു കഴിഞ്ഞു.  എന്നിട്ടും മടയനല്ലാത്ത മന്ത്രി  മടിച്ചു നില്‍ക്കുന്നു.  കഷ്ടം.     
     സിവിക് ചന്ദ്രന്‍ എന്ന അദ്ധ്യാപകന്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷകന്‍, നിഷ്പക്ഷമതിയായ സാംസ്കാരിക  നായകന്‍, അറിവിന്റെ വിശ്വവിജാനകോശം എന്നെ ബഹുമതികള്‍ സ്വയം എടുത്തണിഞ്ഞു, ഞരമ്പുരോഗിയായ യുക്തിവാദി മാഷ്‌ എന്ന് വിളിച്ചു മറുപക്ഷത്തെ സുഖിപ്പിച്ചു.  ലോക വിഡ്ഢിദിനത്തില്‍ വലിയ വിവരക്കാരന്‍ എന്ന മട്ടില്‍ മംഗളം പത്രത്തില്‍ അദ്ദേഹം നുണകള്‍ തന്നെ എഴുതി പിടിപ്പിച്ചു.   ആ അധ്യാപകന്‍ യുക്തി വാദി അല്ല എന്നത് ഇന്ന് എല്ലാവര്ക്കും  മനസ്സിലായി. ഇത്രവലിയ  അസംബന്ധങ്ങള്‍ എഴുതി പിടിപ്പിച്ചു സാധാരണ  വായനക്കാരന്റെ വിവരക്കേടിനും താഴെയാണ് തന്റെ വിവരമെന്ന് തെളിയിച്ച അദ്ദേഹത്തിന്, ഇനി എന്നാണാവോ ആ സംഭവത്തെ അപലപിക്കാനുള്ള വിവേകമെങ്കിലും  ഉണ്ടാവുക. അതെ ഈ രക്തത്തില്‍ സിവിക് ചന്ദ്രന് മറ്റാരേക്കാളും  മാന്യമായൊരു പങ്കുണ്ട്. അദ്ദേഹത്തിന് അന്ന്  സംഭവങ്ങളുടെ റണ്ണിംഗ് കമ്മെന്ററി കിട്ടിയിരുന്നു എന്നാണു അവകാശപ്പെട്ടിരിക്കുന്നത്.  അപ്പോള്‍ തീര്‍ച്ചയായും മുവാറ്റുപുഴയിലെതും കിട്ടിയിരിക്കുമല്ലോ. ഇങ്ങിനെയും ചിലര്‍ മധുരം വിളമ്പും. 
     ലവ് ജിഹാദിന്റെ പ്രശ്നം വന്നപ്പോള്‍ c.s. ചന്ദ്രികയും ഇല്ലാത്തൊരു നുണകഥ  ചമച്ചെഴുതി സുഖിപ്പിച്ചു.  മുസ്ലിം പെണ്‍കുട്ടിയെ പ്രണയിക്കുന്ന, മുസ്ലിം സ്ത്രീയെ കൂടെ കൂട്ടി ജീവിക്കുന്ന,  അമുസ്ലിം യുവാക്കള്‍ അക്രമത്തിനും ജീവഹാനിക്കും ഇരയാവുംബോഴാണ്‌ ഇതൊന്നും അറിയാത്ത പോലെ ഈ വിപ്ലവ എഴുത്തുകാരിയുടെ പായസ്സ നേര്‍ച്ച  എന്നോര്‍ക്കണം.  സ്ത്രീകളുടെ സമസ്ത  പ്രശ്നത്തെ കുറിച്ചും, ലിഗപരമായ  വിവേചനത്തെ കുറിച്ചുമൊക്കെ കൂലംകഷമായി പരത്തി പറയാറുള്ള ഈ പെണ്ണെഴുത്തുകാരി ശിരോവസ്ത്ര വിവാദം വന്നപ്പോള്‍ സ്ത്രീ വിമോചനവും ലിഗപരമായ  വിവേചനവും പരണത്തു വെച്ചു.  നാളിതുവരെ കമാന്നൊരക്ഷരം പറഞ്ഞിട്ടില്ല. ഏതെങ്കിലും ഹിന്ദു സംഘടന മനുസ്മ്രിതിയില്‍ നിന്നോ മറ്റോ   നാല് വരി ശ്ലോകവും പറഞ്ഞു വരട്ടെ, അപ്പോള്‍ കാണാം  വടക്കന്‍ പാട്ടിലെ ഉണ്ണിയാര്‍ച്ചയെ പോലെ  ചുരികയും ചുരുട്ടി നില്‍ക്കുന്നത്.   
     ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ രാമന്റെ ദു:ഖം എന്ന നോവല്‍ എഴുതി  വീരേന്ദ്ര കുമാര്‍ എന്ന പത്രാധിപര്‍ കുറെ മധുരം കൊടുത്തു.  എന്താ സര്‍ അന്ന് രാമന്‍ ദു:ഖിച്ചപോലെ ഇന്ന് റഹിമിന് ദു:ഖം വരാത്തേ.  നമുക്ക് ബാങ്കില്‍ മാത്രം പോരല്ലോ അക്കൗണ്ട്‌. വോട്ട് ബാങ്കിലും വേണമല്ലോ , അല്ലേ? 
     എഡിറ്റിംഗ് എന്നൊരു സംഗതിയുണ്ടല്ലോ. കലാസ്രിഷ്ടികളിലെ ദുര്‍മേധസ്സുകള്‍ നീക്കുന്ന ഈ പ്രക്രിയ നമ്മുടെ സീരിയല്‍ രംഗത്തും അനിവാര്യം.  ഏഷ്യാനെറ്റില്‍ പാരിജാതം എന്നൊരു സീരിയല്‍ ഉണ്ട്.  അതില്‍ അഫ്ഘാനിസ്ഥാനില്‍ കാണപ്പെടുന്ന പര്‍ദ ഉപയോഗിക്കുന്നുണ്ട്, പണ്ടത്തെ നായിക ലക്ഷ്മിയുടെ മകള്‍ ഐശ്വര്യാ . അന്റിയമ്മ എന്ന ദുഷ്ട കഥാപാത്രം ആ വസ്ത്രം ധരിച്ചതില്‍ രോഷം പൂണ്ട നായിക ഇപ്രകാരം ആക്രോശിക്കുന്നു. "ഈ വസ്ത്രം ധരിക്കാന്‍ നിങ്ങള്‍ക്കെന്തു യോഗ്യത. ഈ വസ്ത്രത്തിന്റെ പരിശുദ്ധി നിങ്ങള്‍ക്കറിയുമോ?  ഈ വസ്ത്രത്തിന്റെ മഹത്വം നിങ്ങള്‍ക്കറിയുമോ?"  ഏഷ്യാനെറ്റെ  നിങ്ങലെപോലുള്ള മാധ്യമങ്ങള്‍ ഒന്ന് തിരിഞ്ഞു നോക്കു.  അഫ്ഘാന്‍ യുദ്ധകാലത്ത് പ്രസ്തുത പര്‍ദയെ നിങ്ങളൊക്കെ ഏതെല്ലാം തരത്തില്‍ വിമര്‍ശിച്ചു എന്ന്.  എന്നിട്ട് പെട്ടെന്നൊരു ത്രിസന്ധ്യക്ക്‌  എങ്ങിനെയീ വിഭാഗീയ വേഷം വിശുദ്ധീകരിക്കപ്പെട്ടു.  ഒരു വിഡ്ഢിക്കഥ പ്രേക്ഷകനെ പറഞ്ഞു  ഫലിപ്പിക്കാന്‍ വേണ്ടി ആടിനെ പട്ടിയാക്കണോ?  ഏഷ്യാനെറ്റിന്  ഓര്‍മ്മയുണ്ടോ പണ്ട് 'കിന്നാരത്തുമ്പികള്‍' സംപ്രേഷണം ചെയ്തത്.  അന്ന് അതിനെതിരെ  ഗാന ഗന്ധര്‍വ്വന്‍ പോലും പടവാള്‍ എടുത്തു  വന്നു.  നിര്‍ദോഷമായ ഒരു ചുംബനം വന്നാല്‍ ഉടന്‍ അത് എഡിറ്റ്‌ ചെയ്യിക്കും.  എന്നിട്ട് മൂത്രപ്പുരയിലും  ബസിലും ട്രെയിനിലുമൊക്കെ എഴുതി വരച്ചിട്ടു നിര്‍വൃതി അടയും.  അതെ എഡിറ്റിംഗ് അശ്ലീലത്തില്‍ മാത്രമല്ല ദുരാശയങ്ങളുടെ പ്രസാരണത്തിലും അത്യാവശ്യം.   
     മത സൌഹൃദജാതകള്‍ക്കോ, ചാനല്‍ ചര്‍ച്ചകള്‍ക്കോ, വാചക മേളകള്‍ക്കോ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അതൊക്കെ കാലങ്ങളായി പതിവും പടി നടക്കുന്ന കാര്യങ്ങള്‍ മാത്രം. പുതിയൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു.  നിങ്ങളുടെ പൊയ് മുഖങ്ങള്‍ അഴിച്ചു മാറ്റൂ.  ആരുടെയെങ്കിലും മുന്നില്‍ നല്ല പുള്ള ചമയാന്‍ വേണ്ടി സത്യത്തെ മറച്ചു പിടിക്കാതിരിക്കൂ. അല്ലാത്ത പക്ഷം കാലം പലതും പറിച്ചു കീറി കളഞ്ഞേക്കാം.  കഷായം കൊടുക്കേണ്ടപ്പോള്‍ മുഖം നോക്കാതെ കൊടുക്കുക.  അതെ രോഗത്തിന് രോഗി അല്ല വൈദ്യന്‍ ആണ് മരുന്ന് കൊടുക്കേണ്ടത്.  ആരും വിമര്‍ശനത്തിനു അതീതരല്ല.  വിമര്‍ശനത്തെ പ്രകോപനമായി കാണാതിരിക്കുക. ചര്‍ച്ചയും പ്രതിഷേധ പ്രകടനവും പത്ര പ്രസ്ഥാവനയുമൊക്കെ രണ്ടു ദിവസ്സം കൂടുതല്‍ കണ്ടേക്കാം.  പിന്നെ എല്ലാം പഴയ പടി.  അതെ.  ഷുഗര്‍ രോഗികള്‍ക്കാണ് ചികില്‍സ്സ ആദ്യം വേണ്ടത്.

No comments:

Post a Comment