Friday, April 15, 2011

എല്ലാ  അമ്മമാര്‍ക്കും  അവരുടെ   നാനവിധങ്ങളായ  മൌന നൊമ്പരങ്ങള്‍ക്കും  മുന്നില്‍  എന്നെ ഏറെകാലമായി  നൊമ്പരപ്പെടുത്തുന്ന  ഈ  അമ്മയുടെയും മകന്റെയും  കഥ  ഞാന്‍  2011  ലെ മാതൃ ദിനത്തില്‍  വിനയപൂര്‍വ്വം  സമര്‍പ്പിക്കുന്നു.  


അമ്മേ,  മാപ്പ്......



വല്ലാത്തൊരു വേഗതയായിരുന്നു. എവിടെയ്ക്കെന്നോ  ഏതിലൂടെന്നോ  തിരിച്ചറിയാനാവാത്ത  വിധം അതിവേഗത്തിലൂടൊരു  കടന്നു പോക്ക്.    ഞാനെവിടെയോ എതിചെര്ന്നതായൊരു തോന്നല്‍. ഞാന്‍  ചുറ്റും  നോക്കി.  ഒന്നും  വ്യക്തമല്ലാത്ത  പോലെ.  പക്ഷെ   ആ  അവ്യക്തതയ്ക്കിടയിലും  ഞാന്‍  എന്‍റെ  രണ്ടു ചങ്ങാതികളെ  തിരിച്ചറിഞ്ഞു.  അവരെ അഭിവാദ്യം ചെയ്യാന്‍  ഞാന്‍ ശ്രമിച്ചെങ്കിലും എനിക്ക്  വാക്കുകള്‍  പുറത്തേക്കു  വരുന്നില്ലായിരുന്നു.  അവര്‍ക്കും  അത്  തന്നെ  ആയിരിക്കണം  സ്ഥിതി. അപ്പോഴാണ്‌  ഞാന്‍ ശ്രദ്ധിക്കുന്നത്.  ഒരു  ജന സാമാന്യം  ഞങ്ങള്‍ക്ക് മുന്നില്‍  ഉണ്ടായിരുന്നത്.  അതില്‍  എല്ലാ  തരം  ആളുകളും  ഉണ്ടായിരുന്നു.  ഒറ്റ വാക്കില്‍ പറഞ്ഞാല്‍  ആബാലവൃദ്ധം.  ജരാ നര ബാധിച്ചവരില്‍ അതിന്റെ  ലക്ഷണങ്ങള്‍  ഒന്നും  ഇല്ലായിരുന്നു.   ശിശുക്കള്‍ക്കാവട്ടെ  അതിന്റെ  ബലഹീനതയും.  എല്ലാവരിലും  ഒരു  പുതു ചൈതന്യം.  പരസ്പരം  ഉരിയാടാതെ  അച്ചടക്കത്തോടെ നില്‍ക്കുന്ന  ഞങ്ങള്‍ക്കിടയിലേക്ക്  പെട്ടെന്നാരോ  കടന്നു  വന്നു.  അവര്‍  ഓരോരുത്തരോടും  എന്തൊക്കെയോ  പറയുകയും  അറിയുകയും   ചെയ്ത ശേഷം,  ചിലരെ  വലത്തേക്കും  മറ്റുചിലരെ  ഇടത്തേക്കും പറഞ്ഞയച്ചു. ഞങ്ങള്‍ മൂവരുടെയും ഊഴം  ഒരുമിച്ചായിരുന്നു.  വലിയൊരു  അധികാരി എന്ന് തോന്നിക്കുന്ന  ആ  രൂപം   ഞങ്ങള്‍  മൂവരോടുമായി  ഇങ്ങിനെ  പറഞ്ഞു.                                                                                               "ഭൂമിയില്‍  വധ ശിക്ഷയ്ക്ക്  വിധേയരായി  എത്തിയവര്‍  നിങ്ങള്‍ .  കൂര്‍ത്തുമൂര്‍ത്ത   ഇരുമ്പ് കമ്പികൊണ്ട്  സഹ മനുഷ്യനെ കൊന്നു"    ശെരിയല്ലേ?

"കൊന്നതല്ല, മല്പ്പിടുതത്തില്‍,  അത്തരമൊരു  വസ്തുവിലേക്ക്  അയാള്‍  മറിഞ്ഞു  വീഴുകയായിരുന്നു.  അപ്പോളത്തെ  വെപ്രാളത്തില്‍   അയാളെ  രക്ഷിക്കാനായി  ആ  ഇരുമ്പ്  ദണ്ട് ഞങ്ങള്‍ ഊരി  എടുക്കുകയായിരുന്നു.  അത്  ഞങ്ങള്‍ക്ക്  കൂടുതല്‍  വിനയായി.  ഞങ്ങള്‍ക്കെതിരായ   അനിഷേധ്യമായ  തെളിവായി.  ഞങ്ങള്‍  മൂവരെയും  ഒരുമിച്ചു  ആക്രമിക്കാന്‍  തക്ക  ആരോഗ്യവും  കരുത്തുമുള്ള   ആ  പാക്കിസ്ഥാനിയെ  ഉറങ്ങിക്കിടക്കുമ്പോള്‍  പോലും വധിക്കുവാന്‍ ഞങ്ങള്‍  ശാരീരികമായും  മാനസീകമായും  ശക്തരല്ലായിരുന്നു.  പക്ഷെ  ഇതൊന്നും  കോടതിക്ക്  മനസിലായില്ല.   കാരണം അയാള്‍  ചോര വാര്‍ന്നു മരണപ്പെട്ടിരുന്നു.  ചോരയ്ക്ക്  ചോര.  അതായിരുന്നു  നിയമം."

ഞങ്ങള്‍  ശാന്തരായി  പറഞ്ഞവസ്സാനിപ്പിച്ചു 
തേജോരൂപം  വീണ്ടും  ഞങ്ങളോട്  സംസാരിച്ചു.  "എല്ലാം  ഇവിടെയും  രേഖപ്പെടുത്തിയിട്ടുണ്ട്.  എന്നാല്‍   ചിലത്  നിങ്ങളോട്  ചോദിക്കേണ്ടതുണ്ട്.  കാരണം  സ്വര്‍ഗ്ഗ നരകത്തിലേക്കുള്ള  പ്രവേശനം  ആണിവിടെ.  നിങ്ങളുടേത്  പ്രത്യേക  കേസ്  ആണ്.    അതിനാല്‍  ചിലകാര്യങ്ങള്‍  നിങ്ങള്‍  സ്വയം  പറയേണ്ടിയിരിക്കുന്നു.   അതിന്റെ  അടിസ്ഥാനത്തില്‍  മാത്രമേ  നിങ്ങള്ക്ക്  എവിടെ  പ്രവേശനം  എന്ന്  പറയാന്‍  ആവുകയുള്ളൂ".   തേജോരൂപം   മധുരമായി  പറഞ്ഞു. 



എന്തായിരുന്നു  നിങ്ങളുടെ  അവസ്സാനത്തെ  ആഗ്രഹമായി  ന്യയാധിപനോട്  ആവശ്യപ്പെട്ടത്?  

"ഇസ്ലാമില്‍ ചേര്‍ന്ന ശേഷം മരിക്കണം"   എന്‍റെ കൂട്ടുകാര്‍ ഒരേ  സ്വരത്തില്‍  പറഞ്ഞപ്പോള്‍  ഞാന്‍ ഒന്നും  മിണ്ടാതെ  തലകുനിച്ചു  നിന്നു.

തേജോരൂപം  എന്നെ നോക്കി.   എന്താ  നിനക്ക്  അവസാനത്തെ  ആഗ്രഹം  ഒന്നും  ഉണ്ടായിരുന്നില്ലേ?

"അമ്മയോട്  സംസാരിച്ച  ശേഷം മരിക്കണം".   ഞാന്‍  ഭയത്തോടെ അതുവരെ ഇല്ലാത്ത  വിക്കലോടെ  ഒരുവിധം  പറഞ്ഞൊപ്പിച്ചു.

"അതെന്താ അങ്ങിനൊരു മോഹം.  മതം സ്വീകരിച്ച്  സ്വര്‍ഗത്തില്‍  സ്ഥാനം  ഉറപ്പിക്കണം  എന്ന്  നിനക്ക്  തോന്നാതിരുന്നത് എന്തേ?   ഇനി  നിനക്ക്  സ്വര്‍ഗം  വേണ്ട  എന്നുണ്ടോ?  അതോ  നീ  നിരീശ്വര വാദി ആണോ?   തേജോരൂപം  എന്നെ  വിചാരണ  ചെയ്യാനുള്ള  പുറപ്പാടിലാണെന്ന് തോന്നിപ്പോയി  എനിക്കപ്പോള്‍ .

"സ്വര്‍ഗം  വേണ്ടാഞ്ഞിട്ടല്ല. ഞാന്‍ നിരീശ്വര വാദിയും  അല്ല.  എനിക്ക് വേണ്ടി  ജീവിച്ച എന്‍റെ  അമ്മയെ തീരാദു:ഖത്തില്‍  അകപ്പെടുതിയതിന്റെ  നിരാശ മാത്രമായിരുന്നു  എനിക്കപ്പോള്‍ .   


ഞ്ഹൂം....         നിങ്ങള്‍ക്കവിടെ  ജയിലില്‍ മത പഠനം  ഉണ്ടായിരുന്നല്ലോ  എന്നിട്ടും  നിനക്ക്  മതം  സ്വീകരിച്ചു,  സ്വര്‍ഗ്ഗം  ഉറപ്പിക്കാന്‍  തോന്നിയില്ലേ?

ഒന്നും  ഒന്നും  തമ്മില്‍  കൂട്ടിയാല്‍  ലോകത്തായാലും പരലോകത്തായാലും  രണ്ടല്ലേ  ഉത്തരം കിട്ടുക.   ജയിലില്‍  പഠിച്ചതും  കുട്ടിക്കാലത്ത്  ഞാന്‍ പഠിച്ചതും  എല്ലാം  ഒരേകാര്യം ആയിരുന്നു.   

എന്നിട്ട്  നിന്റെ  ആഗ്രഹം  അവര്‍  സാധിച്ചു തന്നോ   തേജോരൂപം  വീണ്ടും  ചോദിച്ചു.  
അര മണിക്കൂര്‍  ഫോണിലൂടെ സംസാരിക്കാന്‍  അദ്ദേഹം  എന്നെ  അനുവദിച്ചു.  

എന്തായിരുന്നു  നീ അമ്മയോട്  പറഞ്ഞത്?  അമ്മ  നിന്നോടെന്തെല്ലാം  പറഞ്ഞു?  നിന്റെ  നാവില്‍ നിന്നും  ഞാനൊന്ന്  കേള്‍ക്കട്ടെ?  
തേജോരൂപം  ഒരു  മന്ദസ്മിതം  പൊഴിച്ചുകൊണ്ട്‌  എന്നോടാവശ്യപ്പെട്ടു.

ഞാന്‍  പതിയെ  ഓര്‍മകളിലേക്ക്   ആഴ്ന്നിറങ്ങി.


ജയിലിലെ രണ്ടു ഉദ്യോഗസ്ഥാര്‍  എന്നെ  സെല്ലില്‍  നിന്നും  ജയില്‍  അധികാരിയുടെ മുറിയിലേക്ക്  കൂട്ടികൊണ്ട്  പോയി.  അവിടെ  ഒരു മൂലയില്‍  ഒരു   ചെറിയ  മേശയും കസസെരയും.  മേശപ്പുറത്തു ഒരു  ഫോണും  ടൈം പീസും  ഒരു  കുപ്പി  വെള്ളവും  ഉണ്ടായിരുന്നു.  എന്നെ  അതിനു മുന്നില്‍  ഇരുത്തിയ ശേഷം  ജയില്‍ അധികാരി എന്നോട് പറഞ്ഞു: അര മണിക്കൂര്‍ സംസാരിക്കാന്‍  നിന്നെ  കോടതി  അനുവദിച്ചിട്ടുണ്ട്. ഈ  സമയം  മുഴുവന്‍  നിനക്ക്  ഉപയോഗിക്കാം.  സമയം  തീരുമ്പോള്‍  ഫോണ്‍  വിചെധിക്കപ്പെടും.  ആശംസകള്‍ പറഞ്ഞ ശേഷം  അദ്ദേഹം  നമ്പര്‍  ഡയല്‍ ചെയ്തു  ഫോണ്‍  എനിക്ക്  കൈമാറി.   മുറിയില്‍  നിന്നും  ഇറങ്ങി  പുറത്തു  നിന്ന്  പൂട്ടി.    എന്റെ  കയ്യിലിരുന്ന  ഫോണില്‍  അങ്ങേതലയ്ക്കല്‍  ബെല്‍ മുഴങ്ങുന്ന  ശബ്ദം കേള്‍ക്കാം.   മേശപ്പുറത്തിരുന്ന  ടൈം പീസിനെക്കാള്‍  പല മടങ്ങ്‌ വേഗത്തില്‍ എന്റെ ഹൃദയം   മിടിക്കുന്നുണ്ടായിരുന്നു.   ഫോണിന്റെ   അങ്ങേ തലയ്ക്കല്‍ നിന്നും ഞാന്‍  ആദ്യമായി കേട്ട മധുരസ്വരം  ഒരു താരാട്ടിന്റെ  ഈണത്തില്‍  എന്റെ  ചെവിയിലേക്കെത്തി.  എന്റെ  അമ്മയുടെ  സ്വര സംഗീതം.  മുല്ലപ്പൂവിന്റെ  സുഗന്ധം  എന്നെ  പൊതിഞ്ഞു.  എനിക്കുചുറ്റും  അനവധിയായ സുഗന്ധ  പുഷ്പങ്ങള്‍  സെക്കന്റുകള്‍ കൊണ്ട്  പൂത്തുലഞ്ഞു  നില്‍ക്കുന്നത്  ഞാന്‍  കണ്ടു.   പലവിധ വികാരാവേശ  തിരത്തള്ളലില്‍ ഞാനൊന്ന്  വിളിക്കാന്‍  ശ്രമിച്ചു, എന്റെ  അമ്മെ എന്ന്.   എന്നാല്‍  പുറത്തേക്കു  വന്നത്  ഒരു  വിളി  ആയിരുന്നില്ല,  എന്റെ  അമ്മെ  എന്ന  നിലവിളി  ആയിരുന്നു.  എന്റെ അമ്മേ  എന്ന  നിലവിളി.......  


എനിക്ക്  മനസിലായി, അമ്മയ്ക്ക്  എന്നോട്  പറയാന്‍ ഒരുപാടുണ്ടെന്നു.   എല്ലാ  കാര്യങ്ങളും  കൂടി  ഒരുമിച്ചു  വന്നിട്ട്  അമ്മയ്ക്ക്  ഒന്നും  മിണ്ടാന്‍  വയ്യാത്ത  അവസ്ഥയില്‍  ആയിരുന്നു.  അത്  കൊണ്ട്  ഞാന്‍  തന്നെ  തുടങ്ങി  വെച്ചു.
"അമ്മേ  ഈ  മോനോട്  ക്ഷമിക്കണം.   അമ്മയെ  ഞാന്‍  ഒത്തിരി  സങ്കടപ്പെടുത്തി.   അമ്മയ്ക്ക്   വാര്‍ധക്യത്തില്‍  താങ്ങും  തണലും  ആവേണ്ടിയിരുന്ന  ഞാന്‍,  സങ്കടങ്ങളുടെയും നിസ്സഹായതയുടെയും തീരാ ദു:ഖത്തില്‍ അകപ്പെടുത്തി കൊണ്ട്   എന്നെന്നേയ്ക്കുമായി  ഇല്ലാതാകുവാന്‍  പോവുകയാണ്.   അമ്മയ്ക്ക് തരാന്‍ ഇനി  ഒന്നും തന്നെ  എന്റെ  കയ്യില്‍  ഇല്ല. അമ്മേ,             മാപ്പ്  അമ്മേ..   എന്നെ  ശപിക്കരുതേ...


എന്റെ  വാക്കുകള്‍  കേട്ട്  അമ്മ  നിയന്ത്രണം  വിട്ടു  പൊട്ടി കരഞ്ഞു..
അവിടെ  ആരോ  അമ്മയെ  ആശ്വസ്സിപ്പിക്കുന്നതും  നിയന്ത്രണം പാലിക്കാന്‍  ഉപദേശം കൊടുക്കുന്നതും  കേള്‍ക്കാം.


ഇടറുന്ന തൊണ്ടയില്‍ നിന്നും  വിറയലാര്‍ന്ന  ശബ്ധത്തില്‍  അമ്മ  എന്നോട്  പറഞ്ഞു.


എന്റെ  കുഞ്ഞേ,  അമ്മയ്ക്കെങ്ങിനെ  നിന്നെ ശപിക്കാനാവും,   അമ്മ അമ്മയായത്,  എന്റെ  ഉണ്ണി  എന്റെ ഉദരത്തില്‍  പിറന്നപ്പ്പോഴാണ്.   കഴിഞ്ഞ  ദിവസ്സങ്ങളിലോക്കെയും  എന്റെ  ഉണ്ണി  ജനിച്ചപ്പോള്‍  മുതലുള്ള  ഓരോ നിമിഷവും  ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍ .      "മ്മേ"  
എന്ന്  ആദ്യമായി  വിളിച്ചത്  പോലും  എന്റെ  ചെവിയില്‍  ഇപ്പോളും  ഉണ്ട്.  നീ  ജോലിതേടി   മറുനാട്ടില്‍  പോകുന്നത്  വരെ   എന്റെ ഉണ്ണി  അമ്മയെ  വേദനിപ്പിച്ചിട്ടില്ല.  കുഞായിരുന്നെങ്കിലും  അമ്മയുടെ  കോട്ടയയിരുന്നു  നീ  എനിക്കെന്നും.   പലപ്പോളും  ഈ  അമ്മയ്ക്ക്  ചുറ്റും  സുരക്ഷിതത്വത്തിന്റെ   കോട്ട തീര്‍ത്തു,  നിന്റെ  സാമീപ്യം.  ആ  ഉണ്ണിയെ  അമ്മയെങ്ങിനെ  ശപിക്കും.  മോനെ...   അമ്മയിന്നു  നിന്നെ  അനുഗ്രഹിക്കുന്നു,   "മരിച്ചാലും  എന്റെ ഉണ്ണി  ജീവിയ്ക്കും,"
ഒരു പാട്  ഹൃദയങ്ങളില്‍  .....


കുഞ്ഞുന്നാളില്‍ സിദ്ധാര്‍ത്ഥ കുമാരന്റെ  കഥ പറഞ്ഞു തന്ന, ഭഗത് സിംഗിന്റെ  കഥ പറഞ്ഞു തന്ന,
ഭൂതപ്പാട്ട്  പാടി കേള്‍പ്പിച്ച   എന്റെ  അമ്മയപ്പോള്‍ എന്റ്റെ മുന്നില്‍ ഇരിക്കുന്ന പോലെ  എനിക്ക് തോന്നി.   ഒരു   അസാധാരണ  ധൈര്യം അപ്പോളേക്കും  അമ്മയ്ക്ക്  കൈവന്ന  പോലെ.
അതോ  എന്നെ  സന്തോഷിപ്പിക്കാന്‍ ,   എന്റെ മാനസീകാവസ്ഥ  കൂടുതല്‍ മോശമാവാതിരിക്കാന്‍   അമ്മ  സ്വയം മറന്നു  അഭിനയിച്ചതോ?  എനിക്കറിയില്ല.


 ഞാന്‍  ഓരോരുത്തരെയും  പേര്  പറഞ്ഞു  അവരുടെയൊക്കെ  ക്ഷേമം  അന്വേഷിച്ചു.  എനിക്ക് പ്രിയപ്പെട്ട  എല്ലാവരുടെയും  വിശേഷം  അമ്മ  എന്നെ  പറഞ്ഞു  കേള്‍പ്പിച്ചു.    കൂട്ടത്തില്‍   പോരും  മുന്‍പ്   എന്റെ   വീട്ടു മുട്ടത്തു  ഞാന്‍  നട്ട  പൂമരത്തെ  കുറിച്ചും...


ഉണ്ണീ....  ദേവദാരു  എന്ന്  പേരിട്ടു നീ നട്ട  ചെടി  ഇന്ന് വളര്‍ന്നു  നമ്മുടെ  മുറ്റമാകെ പടര്‍ന്നു  നില്‍ക്കുന്നു.  നല്ല  തണലാണ്‌  അതിനു  കീഴില്‍ .   രണ്ടു  കരങ്ങള്‍  നീട്ടി  നില്‍ക്കുന്നത്  പോലെയാണ്  അതിന്റെ  രണ്ടു  ചില്ലകള്‍   നില്‍ക്കുന്നത്.  അമ്മയിന്നലെ  ഏറെനേരം  അതിനു കീഴിലിരുന്നു.  എന്റെ  ഉണ്ണിയെ  ഓര്‍മ്മയുണ്ടോ  ദേവദാരു,  എന്ന്  ചോദിച്ചപ്പോള്‍    ഒരു  ഇളം തെന്നല്‍ വന്നു  അതിന്റെ  ചില്ലകള്‍  ഇളക്കി.


അമ്മേ.  നാളത്തെ ജുമാ  നമസ്കാരം കഴിയുമ്പോള്‍ ഞാന്‍  ഇല്ലാതാവും.  പക്ഷെ  അമ്മയെ കാണാന്‍ ഞാന്‍  ആ  മരത്തില്‍  വരും. തെന്നലായി..... കുളിരായി,....ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരതാന്‍ തുടങ്ങി.   ഞാന്‍  പൂര്‍ത്തിയാക്കും  മുന്‍പേ  അമ്മ  വീണ്ടും  തൊണ്ട  ഇടറി പറഞ്ഞു.

അമ്മയെന്നും  ഇനിയാ  മരത്തണലില്‍  ഇരിക്കും.   അമ്മയുടെ അന്നത്തില്‍  ഒരു  പങ്കു  ദേവദാരുവിന് നല്‍കും.   അമ്മയ്ക്കിനി  അതല്ലേ  കഴിയു.  അത് മാത്രം.....
കരച്ചിലിന്റെ  വരമ്പത്ത്  നില്‍ക്കുന്ന  അമ്മയുടെ  നിയന്ത്രണം  നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍  പെട്ടെന്ന്  പറഞ്ഞു.  "  അതുവേണ്ടാമ്മേ,    അമ്മ  തിന്നു ബാക്കി  വരുന്നത്  മതി  എനിക്ക്.  അതാണ്‌  എനിക്കിനി  അമൃത്.   എന്നാല്‍  അതിന്റെ  കാരണം  പറഞ്ഞു  പൂര്‍ത്തിയാക്കാന്‍  കഴിയും  മുന്‍പേ  എനിക്ക്  കോടതി  കനിഞ്ഞനുവധിച്ച  സമയപരിധി  അവസ്സാനിച്ചിരുന്നു.  

എന്റെ  കഥ ഞാന്‍ പറഞ്ഞു  നിര്‍ത്തുമ്പോള്‍ ,  എവിടെ നിന്ന് എന്ന് മനസ്സിലായില്ലെങ്കിലും  ഒരേ താളത്തിലുള്ള  കയ്യടി ആയിരുന്നു.

തേജോരൂപം  ഇരു കരങ്ങളും  ഉയര്‍ത്തി നിശ്ശബ്ദത  ആവശ്യപ്പെട്ടു.    എന്നിട്ട് 
സാവധാനം എന്റെ  അടുത്തേക്ക് വന്നു തല കുനിച്ചു  നിന്നു.   അല്‍പ്പനേരത്തെ  മൌനത്തിനു ശേഷം  എല്ലാവരോടുമായി  പറഞ്ഞു.   ഇവരില്‍ മതം സ്വീകരിച്ചവര്‍ ആണോ അതോ അമ്മയെ ആദരിച്ചവന്‍ ആണോ  സ്വര്‍ഗത്തില്‍  പ്രവേശിക്കേണ്ടത്   എന്ന്  ഞാന്‍ സ്വയം  തീരുമാനിക്കുന്നില്ല.  പരേതരും  അല്ലാത്തവരുമായ എല്ലാവരുടെയും അഭിപ്രായം അറിഞ്ഞ  ശേഷം   അത്  തീരുമാനിക്കും.  അതുവരെ നിങ്ങള്‍ ത്രിശങ്കുവില്‍ നില്‍ക്കുക.


പ്രിയമുള്ളവരേ  ഞങ്ങളുടെ കഥ കേട്ടല്ലോ.   ത്രിശങ്കുവില്‍  നില്‍ക്കുന്നതിനേക്കാള്‍  നല്ലത്  നരകമാണ്.   നിങ്ങളുടെ വിലയേറിയ അഭിപ്രായം ഞങ്ങളുടെ വിധി  നിശ്ചയിക്കും.     നിങ്ങളുടെ  അഭിപ്രായം   ദയവായി   ഇവിടെയോ  സകുടുംബതിലോ  രേഖപ്പെടുത്തു.
   

1 comment:

  1. ഇത്ര സെന്റിമെന്റല്‍ ആയി പറഞ്ഞാല്‍ അതും അമ്മെ യെ കുറിച്ച്.. വോട്ട് തന്നെ അല്ലെ sms ഉം ഇഷ്ടം പോലെ കിട്ടും...പണ്ട് സച്ചിതാനന്തന്‍ അടിച്ചു മാറ്റിയത്തിലും ഇപ്പോള്‍ ബാബു (idea star singers) അടിച്ചു മാറ്റിയത്തിലും കൂടുതല്‍...

    ReplyDelete