Thursday, March 25, 2010

കഴിഞ്ഞ എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാ സ്നേഹിതര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.  അതിന്റെ പോസ്ടിങ്ങിനു ശേഷം ലോക വനം ദിനത്തില്‍ നമ്മുടെ വകുപ്പ് മന്ത്രി ഒരു ലേഖനം പത്രത്തില്‍ എഴുതിയിരുന്നു.  അതില്‍ കാട്ടിലെ മരത്തെ കുറിച്ച് പറയുന്നുണ്ട്.  അവിടെ മാത്രം മതിയോ മരം? അല്ലയോ മന്ത്രി ബിനോയ്‌ വിശ്വം, വിശ്വം എന്നാല്‍ കാടുമാത്രം അല്ലല്ലോ? നാടും കാടും കടലും ചേരുമ്പോള്‍ അല്ലേ വിശ്വം ആകുന്നതു.  അതൊരു പോരായ്മയായി തോന്നിയത് കൊണ്ടും, അതിന്റെ തന്നെ മറ്റൊരു വശം പറയാതിരുന്നാല്‍ ശെരിയാവില്ല എന്ന് തോന്നുന്നത് കൊണ്ടും ഒരിക്കല്‍ കൂടി പരിസ്ഥിതിയെ കുറിച്ച് പറഞ്ഞോട്ടെ. സദയം ക്ഷമിച്ചാലും.


പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ?
പ്രപഞ്ച ശില്പികളെ പറയൂ പ്രകാശം അകലെയാണോ?


ഈയിടെ ദ്രിശ്യ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന മറ്റൊരു പരസ്യം കൂടി ഉണ്ട്. K.S.E.B.ക്ക് വേണ്ടി അമ്മയും അച്ഛനും (MACTA and AMMA) ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന പ്രസ്തുത ചിത്രത്തില്‍, നമ്മുടെ കേണേല്‍ ലാല്‍ അടുക്കളയായ അടുക്കളയൊക്കെ കയറിയിറങ്ങി സന്ധ്യാ സമയത്ത് ഫ്രിഡ്ജ്‌ എല്ലാം ഓഫ്‌ ചെയ്തു കൊണ്ടിരിക്കുകയാണ്. നമ്മുടെ വാണിജ്യ സിനിമയുടെ രോഷാഗ്നിയായ സുരേഷ് ഗോപി ആണെങ്കിലോ ഒറ്റ ഫാന്‍ പോലും വെറുതെ കറങ്ങാന്‍ സമ്മതിക്കില്ല. അദ്ദേഹവും കയറി ഇറങ്ങുകയാണ്, സേവ് എനര്‍ജി  എന്ന മുദ്രാവാക്യവുമായി. ഇതുമൂലം നമ്മളില്‍ കുരെപെര്‍ക്കൊക്കെ വൈദ്യുതി ദുരുപയോഗം ചെയ്താലുള്ള ദുരന്തം മനസിലാക്കാനായി. നല്ലത്. മറ്റുചില കാര്യങ്ങള്‍ കൂടി ഇതിനോട് ബന്ധപ്പെടുത്തി പറഞ്ഞു കൊള്ളട്ടെ.
നമ്മുടെ റോഡുകളെല്ലാം ഇപ്പോള്‍ തകൃതിയായി മെറ്റലും ടാറും ഒക്കെ ഉപയോഗിച്ച് നന്നാക്കി കൊണ്ടിരിക്കുകയാണ്. സംസ്ഥാനം മുഴുവന്‍ ഇത്തരത്തില്‍ പുനര്‍ നിര്‍മ്മാണത്തിന് എത്ര മെട്രിക് ടണ്‍ മെറ്റലുകള്‍ വേണ്ടി വരും. ഇതിനുവേണ്ടി എത്ര മലകള്‍ക്കുമേല്‍ JCB ഉരുണ്ടിട്ടുണ്ട്.  ഒരു ബ്ലോഗ്‌ തുടങ്ങി എന്നതിന്റെ പേരില്‍ കണക്കെടുക്കു സര്‍ക്കാരെ എന്ന് പറയാനുള്ള അഹങ്കാരം ഒന്നും എനിക്കില്ല. എനിക്കുമറിയാം  നമ്മുടെ നാടിന്റെ നാനാവിധമായ പുരോഗതിക്കുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം പ്രകൃതി സമ്പത്തിന്റെ ആവശ്യം ഉണ്ട്. എന്നാല്‍ പുരോഗമനത്തിന് വേണ്ടി പ്രകൃതിയോടു അക്രമം കാണിക്കണോ? പുരോഗമനം എന്നാല്‍ പ്രകൃതിയുടെ നേര്‍ക്കുള്ള വികൃതി എന്നര്‍ത്ഥമുണ്ടോ? ഇവിടെ നമുക്കിനിയും ധാരാളം പുതിയ വീടുകളും റോഡുകളും പാലങ്ങളും പാളങ്ങളും പണിയണം. ഒട്ടനവധി ബഹുനില മന്ദിരങ്ങളും വരേണ്ടതുണ്ട്. ഇതിനായി നിരവധി മലകളെ ഇല്ലായ്മ ചെയ്യേണ്ടതായും വരാം. എല്ലാവര്‍ഷവും നമ്മള്‍ ആണ്ടു നേര്‍ച്ച പോലെ റോഡ്‌ ടാര്‍ ചെയ്യുന്നു. ഇതില്‍ എത്ര പുതുതായി പിറന്ന റോഡുകള്‍ ഉണ്ട്. വിരളമാണ്. ഓരോ വര്‍ഷവും നിലവില്‍ ഉള്ള റോഡിന്‍റെ മുകളില്‍ വീണ്ടും മെറ്റലും ടാറും ചേര്‍ന്ന മിശ്രിതം വിരിക്കുകയാണ്   നമ്മള്‍ ചെയ്യുന്നത്.തന്മൂലം ഓരോതവണയും റോഡ്‌ 3" എങ്കിലും ഉയരുന്നു.മറ്റു പ്രദേശങ്ങള്‍ താഴുന്നു. എറണാകുജ്ലം ജില്ലയുടെ നിരവധി പാര്‍പ്പിട മേഖലകള്‍ ഇത്തരത്തില്‍ താഴ്ന്നു പോയിട്ടുള്ളതും, മഴകാലത്ത് വെള്ളം കയറുന്നതും ചൂണ്ടിക്കാണിക്കാന്‍ എനിക്കാവും. ഗള്‍ഫില്‍ ഉള്ളവര്‍ക്കറിയാം, അവിടങ്ങളിലൊക്കെ റോഡിന്‍റെ പുനര്‍നിര്‍മ്മാണം സ്വാഭാവിക വസ്തുക്കളുടെ ദുരുപയോഗം പരമാവധി കുറച്ചു കൊണ്ടാണ്. അതിനായി റോഡ്‌ യന്ദ്രങ്ങള്‍ ഉപയോഗിച്ച് ഏകദേശം 3" കനത്തില്‍ അതിവേഗം ചെത്തി എടുക്കുന്നു. ഈസമയവും റോഡിന്‍റെ അസ്ഥിവാരത്തിന് മുകളിലൂടെ ഗതാഗതം തടസ്സമില്ലാതെ നടക്കുന്നു. പിന്നീട് ചെത്തിയെടുത്തത് recycle ചെയ്തു വീണ്ടും റോഡ്‌ നിര്‍മ്മിക്കുന്നു. തന്മൂലം മെറ്റലിന്റെ ഉപയോഗം പകുതിയെങ്കിലും കുറയ്ക്കാനും സാധിക്കുന്നു. എന്നാല്‍ ഇവിടെയോ? ഗള്‍ഫിലെയും ഇവിടുത്തെയും മണ്ണിന്റെ സ്വഭാവത്തിന് വ്യത്യാസം ഉണ്ടെന്ന കാര്യം ഞാന്‍ മറക്കുന്നില്ല.
     എങ്കിലും ഇങ്ങിനെ പോയാല്‍ എത്രകാലം നമ്മുടെ കുന്നുകളും മലകളും അവിടെ അവശേഷിക്കും. കേരളത്തില്‍നിന്നു വടക്കോട്ട്‌ യാത്രചെയ്യുമ്പോള്‍ മറ്റുസംസ്ഥാനങ്ങളില്‍ ഇത്തരം മലനിരകള്‍ കാണാന്‍ ആവും.എന്തൊരു ചാരുതയാണ് അവയുടെ വിദൂര കാഴ്ചകള്‍ക്ക്. ഞാന്‍  സംശയിക്കുന്നു,എന്റെ കുട്ടിക്ക് കുഞ്ഞു ജനിക്കുമ്പോള്‍ അവന്റെ വിസ്മയകാഴ്ച്ചകള്‍ക്ക് അമ്പിളിമാമനെ കൂടാതെ ആ മാമലകളും മൊട്ടക്കുന്നുകളും അവിടെ കാണുമോ? എന്റെ കുട്ടിക്കാലത്തെ പറമ്പുകളും കുളങ്ങളും ഇന്ന് കാണുന്നില്ലല്ലോ!
     ഭയപ്പെടേണ്ട, സുരേഷ്ഗോപിയും മോഹന്‍ലാലും വീണ്ടും നമ്മുടെ മുന്നില്‍ വരും, ബസിനു കല്ലെറിഞ്ഞു സമരം ചെയ്യുന്ന യുവതലമുറയെ ജോഷി ചിത്രീകരിക്കും. ലാലും ഗോപിയും അവരെ പിന്തിരിപ്പിക്കും. "അരുത് മക്കളെ, കല്ലും മണ്ണും പ്രകൃതിയുടെ വരദാനമാണ്. അത് ദുരുപയോഗം ചെയ്യല്ലേ" എന്ന് പഴയ  ഹിന്ദി സിനിമയിലെ നായികപറയും പോലെ (chod dho mujhe)കരഞ്ഞു കാലുപിടിച്ചു അഭിനയിക്കും.നാണമില്ലേ ഇവര്‍ക്കിതരം അശ്ലീലചിത്രങ്ങളില്‍ അഭിനയിക്കാന്‍. 
     പോരാഞ്ഞു നമ്മുടെ നികുതിപ്പണം മുടക്കി പരസ്യം ചെയ്യും, വകുപ്പ് മന്ത്രി മാര്‍ക്കുവേണ്ടി  ആരോ എഴുതികൊടുത്ത ലേഖനങ്ങള്‍. കാശുമുടക്കി നമ്മള്‍ വീട്ടില്‍ വാങ്ങുന്ന പത്രത്തിലൂടെ അതെല്ലാം വായിക്കുമ്പോള്‍ നമുക്കും ബോധോദയം  ഉണ്ടാവും. അതുവരെ നമ്മളും ഉറക്കം നടിച്ചിരിക്കും. എന്താ ഇതിനെ വിളിക്കേണ്ടത്, ദുരവസ്തയെന്നോ, ദുര്‍വിധിയെന്നോ അതോ ദുര്‍ന്നടപ്പെന്നോ?


മലയാളത്തിന്റെ പ്രിയ വയലാര്‍, എന്നോട് സദയം ക്ഷമിച്ചാലും; അങ്ങയുടെ മ്രിത്യുന്ജയം നേടിയ വരികളെ ഞാനൊന്ന് തിരുത്തി കുറിച്ചോട്ടെ.


നീതിപാലകരെ പറയൂ വിവേകം അകലെയാണോ


നിയമശില്പികളെ പറയൂ വിചാരം അകലെയാണോ 






വാല്‍കഷ്ണം: 
     പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ഉരുക്കി പൊടിച്ചു എറണാകുളം കലൂരില്‍ ഒന്നര കിലോമീറ്റര്‍ റോഡ്‌ നിര്‍മിച്ചിരിക്കുന്നു.

No comments:

Post a Comment