Wednesday, March 31, 2010

ക്രിസ്ത്യാനികള്‍ക്കിത് വിശുദ്ധ വാരം.  ക്രിസ്തു സ്വയം അര്‍പിച്ച ഹോമയാഗവും അതിന്റെ പ്രവചന പൂര്‍ത്തീകരണവും ആചരിക്കുന്ന വാരം.  സാധാരണ എല്ലാവരും നോക്കുംപോലെ കാല്‍വരി മലയുടെ താഴ്വാരത്ത് നിന്നല്ല ഞാന്‍ ഇത് നോക്കി കാണാന്‍ ആഗ്രഹിക്കുന്നത്.  മറിച്ച്‌,  ഈ ബലിയേ അബ്രഹാമിന്റെ ബലിയുമായി ബന്ധിപ്പിച്ചു കാണുവാന്‍ ആണ് എനിക്കിഷ്ടം.  ഇതില്‍ വിയോജിപ്പുള്ളവര്‍ ധാരാളം ഉണ്ടാവാം.  ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യലല്ല എന്റെ ലക്‌ഷ്യം. എന്റെ സ്വതന്ത്രമായ ചിന്തയെ നിങ്ങളുമായി പങ്കു വെയ്ക്കുക മാത്രമാണിവിടെ.


     അബ്രഹാമിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. അതിന്റെ വിഷമം കുട്ടികള്‍ ഉള്ള നമുക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല.  അങ്ങിനെയിരിക്കെ ഒരുദിവസം  അബ്രഹാമിന്റെ ഭാര്യ സാറ തന്റെ ഈജിപ്റ്റ് കാരിയായ ദാസി ഹാഗാറിനെ, അബ്രഹാമിന്  പ്രാപിക്കുവാനും അത് വഴി കുട്ടികള്‍ ഉണ്ടാകുവാനുമായി നല്‍കുന്നു.  അന്നത്തെ മെസ്സോപോടോമിയന്‍ നിയമം അനുസ്സരിച്ച്  ഒരു സ്ത്രീക്ക് കുട്ടികള്‍ ഉണ്ടാവാത്ത പക്ഷം തന്റെ ഭര്‍ത്താവിനു മക്കള്‍ ഉണ്ടാവാന്‍ വേണ്ടി അവളുടെ ദാസിയെ അയാള്‍ക്ക്‌ നല്‍കാവുന്നതാണ്.  അന്ഥരിച്ച ശ്രീമതി ആനിതയ്യില്‍ ഇപ്രകാരം ഒരിക്കല്‍ പ്രസ്സങ്ങിച്ചത്  ഞാനോര്‍ക്കുന്നു.  അങ്ങിനെ അബ്രഹാമിന് ആദ്യജാതന്‍ ജനിക്കുന്നു. പിന്നീട് 14 വര്‍ഷങ്ങള്‍ക്കു ശേഷം സാറയില്‍ അബ്രഹാമിന് വീണ്ടും ഒരു പുത്രന്‍ പിറക്കുന്നു.  ഈ പുത്രനെ  പിന്നീട് ദൈവത്തിന്റെ ആവശ്യ പ്രകാരം അബ്രഹാം മോറിയ മലയില്‍ ഹോമബലി അര്‍പിയ്ക്കുവാനായി കൊണ്ട് പോകുന്നു. എന്നാല്‍ കഴുത്തിനും കാറ്റിനും ഇടയില്‍ വെച്ച്  ദൈവം  കല്പനയാല്‍ അബ്രഹാമിന്റെ കത്തിയെ തടുക്കുന്നു.  തുടര്‍ന്ന്  ഹോമബലിക്കായി ഒരു ആടിനെ ദൈവം മുള്‍ പടര്‍പ്പുകള്‍ക്കിടയില്‍ കുരുക്കിയിട്ടു  കൊടുക്കുന്നു.   ദൈവത്തിന്റെ ഒളിച്ചോട്ടവും, ഒപ്പം സാറയോടുള്ള നീതിബോധവും ഇവിടെ ഒരു പോലെ വെളിവാകുന്നു. അബ്രഹാമിനെ പരീക്ഷിക്കുക എന്നതായിരുന്നു, ദൈവ ലക്‌ഷ്യം എന്ന് വേണമെങ്കില്‍ പറഞ്ഞു ന്യായീകരിക്കാം. ഇവിടെ ഒരല്‍പം തമാശ കൂടി ഉണ്ട്. ഈ സംഭവത്തോടെ  ഹോമബലി വ്യാപകവും, സാധാരണവും ആയി തീരുകയും പിന്നീട്ഒത്തിരി കാലം ദൈവത്തിന്റെ  പേരിലുള്ള മിണ്ടാപ്രാണികളുടെ ഹത്യയും തീറ്റിയും ആചാരമാവുകയും ചെയ്തു.  
     കാലം കടന്നു പോകവേ,  അവന്‍ മനുഷ്യാവതാരം എടുക്കുകയും, കാല്‍വരിയില്‍ സ്വയം  മുള്‍കിരീടത്തില്‍ ബലിയാടാവാന്‍ വേണ്ടി  കുരുങ്ങികിടക്കുകയും ചെയ്തു.  മരണത്തെ ഇത്രമാത്രം കരള്‍ ഉറപ്പോടെ നേരിടുന്ന മറ്റൊരു സംഭവം ഇല്ലതന്നെ.  കാരണം, അവന്‍ പറയുന്നുണ്ട്,  എന്റെ രക്ഷയ്ക്കായി,  സ്വര്‍ഗസ്ഥനായ എന്റെ പിതാവിനോട് അപേക്ഷിച്ചാല്‍  മാലാഖമാരുടെ ഒരു വ്യൂഹം തന്നെ എനിക്ക് വേണ്ടി യുദ്ധം ചെയ്യും, എന്ന്.  ഇവിടെ അത് ഉണ്ടായില്ല എന്നുമാത്രമല്ല,  അതുവരെയുള്ള നിയമവും,ദൈവീക സങ്കല്‍പ്പങ്ങളും, അടിമുടി തകര്‍ക്കാന്‍ ഉതകുന്ന പുത്തന്‍ വിപ്ലവ പിറവിയ്ക്ക് ബീജാവാപം നടത്തുക കൂടി ചെയ്തു  ഈ ബലിയിലൂടെ അവന്‍.  അല്ലായിരുന്നുവെങ്കില്‍, ഒന്നോര്‍ത്തു നോക്കൂ  ഇതിന്റെ അനുസ്മരണത്തിന് വേണ്ടി പള്ളിയിലും വീടുകളിലുമായി  നമ്മള്‍ എത്ര മിണ്ടാപ്രാണികളെ  ബലി കൊടുക്കുമായിരുന്നു. പൌലോ കൊയ്ലോ പോലും കളിയാക്കിയിട്ടുണ്ട്, ക്രിസ്തു കുരിശില്‍ മരിച്ചതുകൊണ്ട്‌  ക്രിസ്ത്യാനികള്‍ കുരിശും തൂക്കി നടക്കുന്നു എന്ന്. തിരിച്ചും ചോദിക്കാമല്ലോ  അവനു പകരം ഒരാടിനെ കശാപ്പു ചെയ്തിരുന്നെങ്കില്‍, ഒരു കൊലകത്തിയും തൂക്കിനടക്കില്ലേ. അതിനേക്കാള്‍ എത്രയോ നല്ലതാണീ കുരിശ്.  കാരണം അത് ജീവിതത്തിന്റെ തന്നെ പ്രതിബിംബം ആണ്. ഓരോ ജീവിതവും ഓരോതരത്തിലുള്ള കുരിശുകള്‍ ചുമക്കുന്നു.  പറയാന്‍ ഒരല്പം ഉള്‍കിടിലം ഉണ്ടെങ്കിലും പാരയാതെ വയ്യ. പലപ്പോളും നമ്മുടെ ആ കുരിശില്‍ തന്നെയാണ് നമ്മള്‍ അവസാനിക്കുന്നതും. അത് ചിലര്‍ക്ക് മക്കള്‍ ആവാം, വേറെ ചിലര്‍ക്ക് രോഗങ്ങള്‍ ആവാം, ദാരിദ്ര്യം ആവാം അങ്ങിനെ പലതും. അതെ, ഒരുബലിക്കും ദൈവത്തെ ത്രിപ്തിപെടുത്താന്‍ ആവുകയില്ലെന്നു അവന്‍ നമ്മെ ഓര്‍മിപ്പിയ്ക്കുന്നു.  കരുണയ്ക്കെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ആവൂ എന്ന സത്യം അങ്ങിനെ ആദ്യമായി ലോകം പഠിച്ചു.  അതുകൊണ്ട് ദുഃഖ വെള്ളി മനുഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി അര്‍പിക്കപ്പെട്ട അവസാനത്തെ ബലിയായി.  ആടുമാടുകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കും നല്ലത്.  മേലില്‍ നമ്മുടെ തോന്ന്യസത്തിനു പരിഹാരമായി അവര്‍ക്കാര്‍ക്കും ചാവേറുകള്‍ ആവേണ്ടല്ലോ.  അത് കൊണ്ടാണോ ആവോ സായിപ്പതിനെ ഗൂട്ഫ്രൈടെ എന്ന് പേരിട്ടത്.


എല്ലാവര്ക്കും ഗൂട്ഫ്രായ്ടെ   ആശംസ്സകള്‍.

1 comment:

  1. nalla presentation.
    suhruthinte aasayangale chodyam cheyyunnilla.
    ettavum nalla aathma baliye kurichu paranjathu ethrayo seriyanu.
    snehavum ,kaarunyavum maathramanu deivathine preethippeduthanulla ettavum nalla bali.
    nammalokke aa nilayil chinthichal ethra nannayirunnoo.
    namukku snehathinteyum,kaarunyathinteyum bali arppikkam.
    athiloode loka samadhanathinte velicham thelikkam.

    ReplyDelete