Friday, November 2, 2012

രാമായണകാറ്റിന്റെ താണ്ഡവ നൃത്തം.

എണ്‍പതുകളുടെ മധ്യത്തില്‍ കേരളത്തില്‍  ആഞ്ഞു വീശിയ കാറ്റായിരുന്നു രാമായണകാറ്റ്.  ഈ കാറ്റ് വീശി മാറും  മുന്‍പേ പിന്നാലെ തന്നെ മറ്റൊരു കാറ്റ് വീശിയിരുന്നു.  നീലാംബരി കാറ്റ്.  അന്നൊക്കെ എത്ര ആലോചിച്ചിട്ടും  ഈ രണ്ടു കാറ്റിനെ കുറിച്ചും ഒന്നും തന്നെ മനസ്സിലായിരുന്നില്ല.   എന്നാലും മലയാളിയുടെ താളത്തിനൊപ്പിച്ച് ഞാനും മൂളിയിരുന്നു.  രാമായണകാറ്റേ....  എന്‍ നീലാംബരി കാറ്റേ...പിന്നെ പിന്നെ കാറ്റുകളുടെ പ്രളയമായി. കത്രീന കാറ്റ്.  റീത്ത കാറ്റ്.  തൂഫാന്‍ കാറ്റ്.   അപ്പോഴും എനിക്കാകെ കൂടി അറിയാവുന്ന രണ്ടു കാറ്റുകളെ ഉണ്ടായിരുന്നുള്ളൂ.  കടല്‍ കാറ്റും കരക്കാറ്റും.  ഇന്ന് രാവിലെ കേട്ട് സാന്റി എന്നൊരു കാറ്റ് വീശി എന്നും  അതിന്റെ തലോടലില്‍ അമേരിക്കയാകെ തവിട് പൊടിആയെന്നും.   എന്നാല്‍ എനിക്കൊരു ഭാഗ്യം ഉണ്ടായി.  ഈ കാറ്റ് എന്താണെന്നും  എന്തല്ലെന്നും പറഞ്ഞു തരാന്‍ ഈജിപ്തില്‍ നിന്നും സൗദിയില്‍ നിന്നും കുറച്ചു പുരോഹിതരുടെ സഹായം എനിക്ക് കിട്ടി.  അപ്പഴല്ലേ പിടി കിട്ടിയത്  അമേരിക്കക്കാര് അറ്റം ചെത്തികളയാത്തത് കൊണ്ട് പടച്ചോന്‍ പണി കൊടുത്തതാണെന്ന്.  (കഴിഞ്ഞ ദിവസ്സം ആന്ധ്രയിലും കര്‍ണ്ണാടകത്തിലും  ഒരു നീല കാറ്റ് വീശിയിരുന്നു.  അതിനെ ഓര്  വെറുതെ വിട്ടിട്ടുണ്ടേ)

ഇവര്‍ പുരോഹിതര്‍ക്ക് എന്തിനെയും വര്‍ഗീയവല്‍ക്കരികാന്‍ കഴിയും.  വിവാദമായാല്‍ അതിനെ ന്യായീകരിക്കാന്‍ കുറെ ബുദ്ധിജീവികൂട്ടങ്ങള്‍ ഉണ്ട് നാട്ടില്‍..  ബാക്കി അവര്‍ നോക്കികൊള്ളും.പ്രകൃതി ക്ഷോഭങ്ങളെയും  ആനുകാലീക സംഭവങ്ങളെയും ഇത്തരത്തില്‍  വിശകലനം ചെയ്യാന്‍ ഇവര്‍ക്കുള്ള മിടുക്ക് അപാരം തന്നെ ആണ്.   എന്റെ കുട്ടിക്കാലത്ത്‌  കലൂര്‍ അന്തോണീസ്‌ പുണ്യവാളന്റെ നോവേനയ്ക്കിടയില്‍ ഒരു പുരോഹിതന്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തെ കുറിച്ച്  പ്രസ്സങ്ങിച്ചത് ഞാന്‍ ഓര്‍ക്കുകയാണ്.   അതൊരു ദൈവ ശിക്ഷയാണ്.  കാരണം  ഇന്ത്യയില്‍ ഭ്രൂണഹത്യ അനുവദിച്ചത്  ഇന്ദിരാഗാന്ധി ആയിരുന്നു.  ദൈവത്തിനു അത് ഇഷ്ട്ടപ്പെട്ടില്ല.  അതുകൊണ്ട്  ഭ്രൂണഹത്യ കണ്ടുപിടിച്ച  ഇന്ദിരാഗാന്ധിയെ ദൈവം രണ്ടു പേരെ കൊട്ടേഷന്‍ കൊടുത്തു അയച്ചു.  ഇതായിരുന്നു അതിന്റെ രത്ന ചുരുക്കം.  എനിക്കൊരു സംശയം അന്നെ ഉണ്ടായിരുന്നു.  മഹാത്മാഗാന്ധിയെ ദൈവം വകവരുത്താന്‍ ഉണ്ടായ കാരണം എന്തായിരിക്കും?  അതിനെല്ലാം ശേഷം അതിനേക്കാള്‍ ദയനീയമായി രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോഴും എനിക്ക് തോന്നിയത് ദൈവകോപം ശമിചിട്ടുണ്ടാവില്ല എന്നായിരുന്നു. 

ഇതേരീതിയില്‍ പിന്നീട്  കേട്ടത് അയോധ്യയില്‍ ആയിരുന്നു.  ചാരം മൂടി കിടന്ന രാമജന്മ ഭൂമി എന്ന ഭൂതത്തെ കുടം തുറന്നു വിട്ടത് രാജീവ്ഗാന്ധി ആയിരുന്നു എങ്കിലും അതിന്റെ മുള്‍കിരീടം ചൂടെണ്ടി വന്നത് നരസിംഹറാവു ആയിരുന്നു.  പതിനൊന്നാം മണിക്കൂര്‍ വരെ പള്ളി സംരക്ഷിക്കും എന്ന് പറഞ്ഞിരുന്ന റാവു അവസാന നിമിഷം അനങ്ങാതിരുന്നു. തല്‍ഫലമായി പള്ളി പൊളിഞ്ഞു.  ഹിന്ദുസ്ഥാനിലെയും, പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും മതവികാരം അതോടെ വ്രണപെട്ടു.  സമാധാനത്തിന്റെ  കാരുണ്യത്തിന്റെ എന്നൊക്കെ അവകാശപ്പെട്ടവര്‍ക്ക് അന്ന് ചിന്തിക്കാന്‍ ആയില്ല, അല്ല ചങ്ങായീ, ഇങ്ങക്കീട തന്നെ അമ്പലം വേണൊങ്കി ആയിക്കൊളീ  ഞമ്മള് കൊരച്ചപ്പുറത്ത് മാറി ഇരുന്നോളാം എന്ന്.  ഇന്നും ആവുന്നില്ല.  ഇതിനു ശേഷം എല്ലാ കുറ്റവും റാവുവിന്റെ തലയില്‍ ആയി. അധികാരത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തില്‍ പോലും ആരും അല്ലാതായ റാവുവിനെ നോക്കിയും അവര്‍ പറഞ്ഞു.  പടച്ചോന്റെ പള്ളി പൊളിച്ചാല്‍ പടച്ചോന്‍ വെറുതെ വിടുമോ എന്ന്.  പരിശുദ്ധാത്മാവിനെതിരായ ഒരു തെറ്റും  ക്ഷമിക്കപ്പെടില്ലായിരിക്കാം സമ്മതിക്കുന്നു.  അന്ന് പഴയോരാ കെട്ടിടം പൊളിഞ്ഞില്ലായിരുന്നെന്കില്‍ യഥാര്‍ത്ഥത്തില്‍ വിഭജനകാലത്തെക്കാള്‍ വലിയ ചോരപ്പുഴ ഒഴുകിയേനെ എന്ന് പിന്നീട് ഒരിക്കല്‍ ഒരു മുസ്ലിം സുഹൃത്ത് പറയുകയുണ്ടായി.   ചോരപ്പുഴയുടെ പുതിയ ചരിത്രം എഴുതാന്‍ മഷി നിറച്ചു വെച്ചവര്‍  നിരാശരായി.   ആ നിരാശയവര്‍  മറച്ചുവെയ്ക്കുന്നില്ല.  ഡിസംബര്‍ ആറ്‌ എന്നപേരില്‍ ആവുന്നത്ര കുറേക്കാലം പരിശ്രമിച്ചുകൊണ്ടേയിരുന്നു.

അങ്ങിനെയിരിക്കെയാണ് അഫ്ഘാനിസ്ഥാനില്‍  അന്നുണ്ടായിരുന്ന പത്തടിയിലേറെ ഉയരമുള്ള അനവധിയായ ബുദ്ധവിഗ്രഹങ്ങള്‍ വിഗ്രഹാരാധായുടെ പേരില്‍  മൈനുകള്‍ വെച്ച് തകര്‍ക്കാന്‍ താലിബാന്‍ തീരുമാനിക്കുന്നത്.  ഇതിനെതിരെ ലോക പൈത്രിക സംഘടനകളും ഐക്യരാഷ്ട്ര സഭയും ഒക്കെ രംഗത്ത് വന്നെങ്കിലും താലിബാന്‍ പിന്നോട്ട് പോയില്ല.  അവിടെ ഉണ്ടായിരുന്ന എല്ലാ വിഗ്രഹങ്ങളും റിമോട്ട് കണ്ട്രോളിലൂടെ തകര്‍ത്തു.  ഒരുമാസ്സത്തിനുള്ളില്‍  മറ്റൊരു വിഗ്രഹം കൂടി തകര്‍ക്കപ്പെട്ടു.  അതിന്റെ പേരാണ് വേള്‍ഡ്‌ ട്രേഡ്‌ സെന്റെര്‍..   പിന്നെ താലിബാന്റെ കഥയെന്തായെന്നു ഞാന്‍ പറയുന്നത് വായനക്കാരനോട് ഞാന്‍ ചെയ്യുന്ന ക്രൂരതയാവും എന്നതിനാല്‍ മിണ്ടുന്നില്ല.  എങ്കിലും പറയാതിരിക്കാന്‍ ആവുന്നില്ല,  ബുദ്ധകോപം നിമിത്തമാണ് താലിബാന്  ഈ ഗതി വന്നതെന്ന് ലോകത്തൊരു ബുദ്ധ സന്യസ്സിയോ, വിശ്വാസ്സിയോ നാളിതുവരെ പറഞ്ഞു കേട്ടിട്ടില്ല.  ഒരിക്കലും കേള്‍ക്കുകയുമില്ല.  അതോടൊപ്പം ഇന്‍ഡോനെഷ്യയില്‍ ഉണ്ടാവുന്ന ഭൂകമ്പത്തിനും,  ബംഗ്ലാദേശിലെ  പ്രളയത്തിനും ദൈവീകമായ വിശകലനവും കേള്‍ക്കാന്‍ ഇടയില്ല. 

കാറ്റേ നീ വീശരുതിനിയും  
കാരേ നീ പെയ്യരുതിനിയും 
അമേരിക്കയിലിനിയും 
ജീവന്റെ തുടിപ്പുകളുണ്ട്...

തമ്പുരാന്‍ (എന്ത് സുഖമാണീ കാറ്റ്...)

No comments:

Post a Comment